ബെംഗളൂരുവിൽ ഉൾപ്പടെ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും മിതമായതോ ശക്തമായതോ ആയ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലകളിലും വടക്കൻ-തെക്കൻ ഉൾനാടൻ ജില്ലകളിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും കർഷകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. വടക്കൻ ഉൾനാടൻ ജില്ലകളായ ബിദാർ, കലബുറഗി, യാദ്ഗിരി, റായ്ച്ചൂർ, ബെൽഗാം, ധാർവാഡ് എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബാഗൽകോട്ട്, ഗദഗ്, ഹാവേരി, കൊപ്പൽ, വിജയപുര എന്നീ ജില്ലകളിലും ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.

തെക്കൻ ഉൾനാടൻ ജില്ലകളായ തുംകൂർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചിത്രദുർഗ, ചിക്കബെല്ലാപൂർ, കോലാർ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ചിക്കമഗളൂരു, കുടക്, ശിവമോഗ ജില്ലകളിലും കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.

നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബെംഗളൂരു നഗരം ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ മേഖലകളിലും തീരദേശ ജില്ലകളിലും നാളെയും മിതമായ മഴ പ്രതീക്ഷിക്കാം. ബെല്ലാരി, ചിത്രദുർഗ, ദാവണഗെരെ, ചാമരാജനഗർ, ഹാസൻ, മാണ്ഡ്യ, മൈസൂർ, രാമനഗര തുടങ്ങിയ ജില്ലകളിൽ നാളെ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts