ബെംഗളൂരു : കന്നഡ-മറാഠി ഭാഷാ തർക്കവുമായി ബന്ധപ്പെട്ട് അതിർത്തിജില്ലയായ ബെലഗാവിയിലുണ്ടായ സംഘർഷാവസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല.
കർണാടകത്തിൽനിന്ന് മഹാരാഷ്ട്രയിലേക്കും തിരിച്ചുമുള്ള ഇരുസംസ്ഥാനങ്ങളുടെയും ആർ.ടി.സി. ബസുകൾ തിങ്കളാഴ്ചയും ഓടിയില്ല. മൂന്നാംദിവസമാണ് ബസുകളുടെ അന്തസ്സംസ്ഥാന സർവീസുകൾ മുടങ്ങുന്നത്. ബസുകൾക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സർവീസുകൾ നിർത്തിവെച്ചത്.
അതിനിടെ, ബെലഗാവിയിൽ ആക്രമണത്തിനിരയായ നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി. ബസിന്റെ കണ്ടക്ടറെ കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി ആശുപത്രിയിൽ സന്ദർശിച്ചു. അക്രമത്തിൽ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ടക്ടറെ ആക്രമിച്ചവരുടെ പേരിൽ ഗുണ്ടാ വകുപ്പ് ചുമത്തുമെന്നും ആഭ്യന്തരമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും രാമലിംഗറെഡ്ഡി പറഞ്ഞു.
കണ്ടക്ടറുടെ പേരിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പോലീസിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. കണ്ടക്ടറോട് മറാഠി സംസാരിക്കാൻ യാത്രക്കാരിയായ പെൺകുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തർക്കത്തിനൊടുവിൽ ഒരു സംഘമാളുകൾ അടുത്ത സ്റ്റോപ്പിൽനിന്ന് ബസിൽ കയറി കണ്ടക്ടറെ മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് വിവരം നൽകിയതനുസരിച്ചാണ് അക്രമിസംഘമെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.