സിനിമകളുടെ പൂരം പണി മുതല്‍ ബോഗയ്ന്‍വില്ല വരെ; ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ അറിയാൻ വായിക്കാം

2024 അവസാനിക്കുമ്പോള്‍ നിരവധി മലയാളം ചിത്രങ്ങളാണ് ഡിസംബര്‍ ആദ്യവാരം ഒടിടിയില്‍ റിലീസിനെത്തുന്നത്.

ബോഗയ്ന്‍വില്ല, പണി, ഐ ആം കാതലന്‍, മുറ, പല്ലൊട്ടി 90’s കിഡ്‌സ്‌, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 തുടങ്ങിയവയാണ് ഈ ഡിസംബറില്‍ ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍.

1. ബോഗയ്ന്‍വില്ല

സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. എന്നാൽ എട്ട് വർഷം മുമ്പ് നടന്ന ഒരു സംഭവം ആ കുടുംബത്തെ തളർത്തി. ആ അപകടത്തിന്‍റെ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന്‍റെ യാത്രയാണ് ചിത്രപശ്ചാത്തലം.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത ചിത്രം ഒക്‌ടോബര്‍ 17നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ ചിത്രം ഒടിടിയിലും സ്‌ട്രീമിംഗിനെത്തുകയാണ്. ഡിസംബര്‍ 13ന് സോണി ലൈവിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുക.

2. പണി

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ജോണറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒക്‌ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് മാസത്തോടടുക്കുമ്പോള്‍ ഒടിടിയില്‍ സ്‌ട്രീമിംഗിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 20ന് സോണി ലൈവിലൂടെയാണ് സ്‌ട്രീമിംഗ് ആരംഭിക്കുക.

3. മുറ

സുരാജ് വെഞ്ഞാറമൂട്, ഹൃദു ഹാറൂണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുസ്‌തഫ സംവിധാനം ചെയ്‌ത ചിത്രമാണ് മുറ. നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം നവംബര്‍ 8നാണ് തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റിലീസ് തീയതിയോ ഒടിടി പ്ലാറ്റ്‌ഫോമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

4. പല്ലൊട്ടി 90’s കിഡ്‌സ്‌

1990 കാലഘട്ടത്തിലെ കണ്ണന്‍, ഉണ്ണി എന്നീ രണ്ട് സുഹൃത്തുക്കളെ കുറിച്ചുള്ള ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്‌സ്‌’. ഇവരുടെ കുട്ടിക്കാലവും ഇവര്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മനോഹരമായ ബന്ധങ്ങളും ആ സമയത്തെ സന്തോഷങ്ങളും കഥ പര്യവേക്ഷണം ചെയ്യുന്നു. ഒക്‌ടോബര്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ഡിസംബറില്‍ മനോര മാക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക.

5. ഐ ആം കാതലന്‍

പ്രേമലു എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം നസ്ലെനെ നായകനാക്കി ഗിരീഷ് ഏ.ഡി സംവിധാനം ചെയ്‌ത ചിത്രമാണ് ഐ ആം കാതലന്‍. നവംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേമലുവിനെ പോലും ബോക്‌സ്‌ ഓഫീസില്‍ തരംഗം തീര്‍ക്കാനായില്ല. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഇപ്പോഴിതാ ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുകയാണ്. മനോരമ മാക്‌സിലൂടെ ഡിസംബറില്‍ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും. അതേസമയം സിനിയുടെ ഒടിടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

6. കേരള ക്രൈം ഫയല്‍സ് സീസണ്‍ 2

മലയാളത്തിലെ ആദ്യത്തെ വെബ്‌ സിരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍സ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ തുടക്കം കുറിച്ച വെബ്‌ സിരീസ് വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വും റിലീസിനൊരുങ്ങുകയാണ്. ഈ ഡിസംബറില്‍ ഡിസ്‌നി പ്ലസ്‌ ഹോട്ട് സ്‌റ്റാറിലൂടെ സിരീസ് സ്‌ട്രീമിംഗ് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us