ബെംഗളൂരു: മുഡ ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്.
ബുധനാഴ്ച(നവംബര്‍ ആറ്) മൈസൂരുവിലെ ലോകായുക്ത ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രത്യേക കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ലോകായുക്ത ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു.
സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന് മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികള്‍.
ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്കി എന്നതാണ് മുഡ (മൈസൂരു നഗരവികസന അതോറിറ്റി – Mysuru Urban Development Authority) കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. സഹോദരന് മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്.
3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു.
ഗവര്‍ണറുടെ നടപടി അംഗീകരിച്ച ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് പ്രത്യേക കോടതി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അനുമതി നല്‍കിയത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മുഡ ചെയര്മാന് കെ. മാരിഗൗഡ രാജിവെച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തന്നെ ഭയക്കുന്ന പ്രതിപക്ഷം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നാണ് സിദ്ധരാമയ്യയുടെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.