ബെംഗളൂരു: ബി.സി.സി.ഐ.യുടെ ദേശീയ ക്രിക്കറ്റ് അക്കാദമി ബെംഗളൂരുവിൽ ഉടൻ തുറക്കും. അക്കാദമിയുടെ നിർമാണംപൂർത്തിയായതായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ലോകനിലവാരത്തിലുള്ള മൂന്ന് മൈതാനങ്ങളും 45 പരിശീലനപിച്ചുകളും ഇൻഡോർ ക്രിക്കറ്റ് പിച്ചുകളുംനീന്തൽക്കുളവും അക്കാദമിയിലുണ്ടെന്നും ജയ് ഷാ പറഞ്ഞു.
നീന്തൽക്കുളം ഒളിമ്പിക്സിലെ നീന്തൽക്കുളത്തിന് ആവശ്യമായത്ര വലുപ്പത്തിലുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശീലനത്തിനും സൗകര്യമുണ്ട്.
രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെയും ഭാവിതാരങ്ങളുടെയും കഴിവു വികസിപ്പിക്കാൻ അക്കാദമിക്ക് കഴിയുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു.
2000-ത്തിലാണ് ബെംഗളൂരുവിൽ ബി.സി.സി.ഐ.യുടെ ദേശീയ ക്രിക്കറ്റ് അക്കാദമി അനുവദിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇതുവരെ പ്രവർത്തിച്ചത്.
സ്റ്റേഡിയത്തിലെ പരിശീലനസൗകര്യം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐ.ക്ക് വാടകയ്ക്ക് നൽകിയതാണ്.
ഇൻഡോർ, ഔട്ട്ഡോർ പരിശീലനസൗകര്യം ഇവിടെയൊരുക്കി. ഒരു ജിംനേഷ്യവുമുണ്ട്. ഈ സൗകര്യം അപര്യാപ്തമാണെന്നുകണ്ടാണ് ബി.സി.സി.ഐ. പുതിയ അക്കാദമിസമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്.
2022-ൽ അന്നത്തെ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജയ് ഷായും ചേർന്നാണ് പുതിയ അക്കാദമിയുടെ നിർമാണം പ്രഖ്യാപിച്ചത്.
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ 45 ഏക്കർസ്ഥലത്ത് അക്കാദമി നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
ഇതിനായി ബി.സി.സി.ഐ. കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡിവലപ്‌മെന്റ് ബോർഡിന്റെ 99 ഏക്കർസ്ഥലം 50 കോടിരൂപയ്ക്ക് പാട്ടത്തിനെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.