ബെംഗളൂരു : നാലു വർഷത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ഡീസലിനും സ്‌പെയർപാർട്‌സ് ഉൾപ്പെടെയുള്ളവയ്ക്കും വില ഉയർന്നതും ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതും കാരണം ടിക്കറ്റ്നിരക്ക് വർധിപ്പിക്കാതെ രക്ഷയില്ലെന്നായിരിക്കുകയാണ്.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തിപദ്ധതി നടപ്പായശേഷം പ്രത്യേകഗ്രാന്റ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാതായതോടെ കൂടുതൽ പ്രതിസന്ധിയിലായി.
എല്ലാവർഷവും ബജറ്റിൽ പുതിയ ബസ് വാങ്ങാനും ജീവനക്കാരുടെ ശമ്പളകുടിശ്ശിക തീർക്കാനും മറ്റ് ആവശ്യങ്ങൾക്കും കോർപ്പറേഷന് പ്രത്യേകഗ്രാന്റ് ലഭിച്ചിരുന്നതാണ്.
എന്നാൽ, ശക്തിപദ്ധതി നടപ്പാക്കിയ ശേഷം സർക്കാർ ഗ്രാന്റുകളൊന്നും അനുവദിക്കുന്നില്ല. ടിക്കറ്റ് നിരക്ക് വർധനവ് പരിഗണനയിലുണ്ടെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ടിക്കറ്റ് നിരക്കിൽ 25 മുതൽ 30 ശതമാനം വരെ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിർദേശം സമർപ്പിക്കുമെന്ന് കർണാടക ആർ.ടി.സി. ഉദ്യോഗസ്ഥൻ പറഞ്ഞു.
2020-ലാണ് ഇതിന് മുൻപ് ടിക്കറ്റ്നിരക്ക് വർധിപ്പിച്ചത്. അതിന്ശേഷം പലമേഖലകളിൽ വിലവർധനവുണ്ടായി. 2020-ൽ ഡീസൽ ലിറ്ററിന് 61 രൂപയേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോൾ 90-നടുത്താണ്. അമ്പത് ശതമാനത്തിനടുത്താണ് വില വർധിച്ചത്. നിലവിൽ വരുമാനത്തിന്റെ 45 ശതമാനത്തിലധികവും ഡീസൽ ചെലവിലേക്കാണ് പോകുന്നത്.
നേരത്തെ മൂന്നു കോടി രൂപയായിരുന്നു ഡീസലിനായി ചെലവായിരുന്നത്. ഇപ്പോൾ ഇത് അഞ്ചു കോടി രൂപയായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം 20 ശതമാനവും ഡീസൽവില 50 ശതമാനത്തിനടുത്തും വർധിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കോർപ്പറേഷൻ പോകുന്നത്.
നിരക്ക് വർധനവ് സർക്കാർ ഈ വർഷം തന്നെ അംഗീകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.