ഇന്ന് പൂരം കൊടിയേറുകയാണ് മക്കളെ! 2011ന് ശേഷം കപ്പുയര്‍ത്താന്‍ ഇന്ത്യ

ദ് ഗ്രേറ്റ് ഇന്ത്യന്‍ മാച്ചിന് ഇന്ന് മുതല്‍ തുടക്കമാകും… ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കണ്ണുകള്‍ ഇനി ഇന്ത്യയിലേക്കാണ്…. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനായി ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.

വ്യാഴാഴ്ച രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കുന്നതോടെ ക്രിക്കറ്റ് മാമങ്കത്തിന് തിരിതെളിയും..

ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ് ആഗ്രഹിക്കുന്നവരില്‍ ആത്മവിശ്വാസത്തോടെ മുന്നില്‍ തന്നെയാണ്.

ഇത് നാലാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ആതിഥേയരാകുന്നത്. 1987, 1996, 2011 ലോകകപ്പുകളില്‍ അയല്‍രാജ്യങ്ങള്‍ക്കൊപ്പം സഹ അതിഥേയരായിരുന്നെങ്കില്‍ ഇത്തവണ ഇന്ത്യ ഒറ്റയ്ക്ക് അതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 1983ലും 2011ലും ഇന്ത്യ, ലോകകപ്പ് അഞ്ചുതവണ കിരീടം നേടിയ ഓസ്ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാന്‍, 1996ല്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എന്നിവയാണ് മറ്റ് ടീമുകള്‍. ആദ്യത്തെ രണ്ട് ലോകകപ്പ് നേടിയ പ്രതാപികളായ വെസ്റ്റിന്‍ഡീസ് ഇല്ലാത്തതാണ് ഈ ലോകകപ്പിന്റെ നഷ്ടമെന്ന് പറയാം. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരത്തിന്റെ ക്രമീകരണം. 2019 ലോകകപ്പ് ഫൈനലില്‍ ഏറെ വിവാദങ്ങള്‍ക്കൊടിവില്‍ കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടര്‍ച്ച തേടുമ്പോള്‍, കലാശപ്പോരാട്ടത്തിലെ പക തീര്‍ക്കാനാകും ന്യൂസിലാന്‍ഡ് ഇന്ന് ഇറങ്ങുക.

ബാറ്റും ബോളും ചേര്‍ന്നൊരു യാത്ര തുടക്കമാകുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ ആരാധകരെ കാത്തിരിക്കുന്നത് ആവിസ്മരണീയ മുഹൂർത്തങ്ങളാണ്. നായകനില്‍നിന്ന് നാണയം ടോസായി ഗ്രൗണ്ടിലെത്തുമ്പോൾ ഇനി ക്രിക്കറ്റ് ലോകം ഉണരും… സ്റ്റേഡിയം അടയ്ക്കുമ്പോൾ അവർ ഉറക്കമാകും….

രാജ്യത്തെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിലൂടെ

അങ്ങനെ 46 ദിനരാത്രങ്ങള്‍…

നവംബര്‍ 19-ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മികച്ച രണ്ട് ടീമുകളിലൊരാള്‍ ക്രിക്കറ്റിലെ വിശ്വവിജയികളായി തിരഞ്ഞെടുക്കപ്പെടും. ആ സുന്ദര കാഴ്ചക്കുള്ള കാത്തിരിപ്പാണ് ഇനി… ഓരോ ഇന്ത്യാക്കാരുടെയും മനസ്സിലുള്ളത് ടീം ഇന്ത്യ കപ്പുയർത്തുന്ന അസുലഭ സുന്ദര കാഴ്ചയാണ്. ആ സ്വപ്നം സഫലമാവട്ടെ എന്ന് പ്രത്യാശിക്കാം.. കാണാം.. കാത്തിരിക്കാം ഇനിയുള്ള നിര്‍ണായക നിമിഷങ്ങളിലേക്ക്….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us