സിവിക് ചന്ദ്രനെതിരായ കേസ്; ഉത്തരവ് ദൗർഭാഗ്യകരമെന്ന് സതീദേവി

തിരുവനന്തപുരം: വസ്ത്രധാരണം പോലുള്ള തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കെതിരായ ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ എത്തിച്ചേരുന്നത് ആശങ്കാജനകമാണെന്ന് അഡ്വ.പി.സതിദേവി. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തികച്ചും ദൗർഭാഗ്യകരമാണ്.

‘പരാതിക്കാരി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് ജാമ്യഹർജിക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ, സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല’ എന്ന് ഉത്തരവിൽ പറയുന്നു. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.

തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുമ്പുതന്നെ ഇത്തരം പരാമർശങ്ങൾ നടത്തിയതിലൂടെ, പരാതിക്കാരിയുടെ ആരോപണങ്ങൾ കോടതി തള്ളിക്കളയുകയാണ് ചെയ്യുന്നത്. ലൈംഗികാതിക്രമം പോലുള്ള ഗുരുതരമായ കേസുകളിൽ ഇത് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് നടന്ന ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടതിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കേരളത്തിൽ ഈ സംഭവം. രാജ്യത്തെ സ്ത്രീ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന ഇത്തരം നടപടികളിൽ വീണ്ടുവിചാരം ആവശ്യമാണ്, സതിദേവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us