മൈസൂരു റോഡിലെ ടാറിങ് ബിഎംആർസി പുനരാരംഭിച്ചു 

ബെംഗളൂരു: മാസങ്ങളായി മുടങ്ങികിടന്നിരുന്ന മൈസൂരു റോഡിലെ ടാറിങ് ബിഎംആർസി പുനരാരംഭിച്ചു. ബിബിഎംപിയുമായുള്ള ഭിന്നതകളെ തുടർന്നു നിർത്തിവച്ചിരുന്ന പണികളായിരുന്നു ഇത്.

മെട്രോ പണികൾക്കു ശേഷം റോഡ് റീടാറിങ് നടത്താമെന്നാണു ബിഎംആർസി നേരത്തെ ഉറപ്പുനൽകിയിരുന്നത്. എന്നാൽ പണി തീർന്നു മാസങ്ങൾ കഴിഞ്ഞിട്ടും റീടാറിങ് നടത്താതിരുന്ന സ്ഥലങ്ങളിൽ മഴ പെയ്തതോടെ വൻ കുഴികൾ രൂപപ്പെട്ടു തുടങ്ങി. കെങ്കേരി മുതൽ രാജരാജേശ്വരി നഗർ വരെയുള്ള ഭാഗങ്ങളിലാണു കൂടുതൽ കുഴികൾ ഉണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ ബസ് അപകടത്തെ തുടർന്നാണ് ടാറിങ് പുനർ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ബാംഗ്ലൂർ സർവകലാശാല മെയിൻ ഗേറ്റിനു സമീപം കർണാടക ആർടിസി ബസ് കുഴിയിൽ ചാടാതെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയിരുന്നു. മൈസൂരു റോഡ്–കെങ്കേരി മെട്രോ പാതയുടെ നിർമാണം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു പൂർത്തിയായത്. റോഡ് പൂർവസ്ഥിതിയിലാക്കിയിട്ടു മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നു ബിബിഎംപി നിലപാട് എടുത്തു. റോഡ് ടാറിങ്ങിന് 12 കോടിരൂപ ബിഎംആർസി അനുവദിച്ചെങ്കിലും മഴയെത്തുടർന്ന് 7 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികൾ മാസങ്ങൾ കൊണ്ടാണു പൂർത്തിയായത്.

മഴ തുടരുന്നതിനിടെ ടാറിങ് തകർന്ന നഗരറോഡുകളിൽ യാത്ര ദുഷ്കരമാണ് ഇപ്പോൾ. സമീപകാലത്തു നവീകരിച്ച സ്മാർട്ട് സിറ്റി റോഡുകളിലൊഴിച്ചു മറ്റുള്ള റോഡുകളിൽ കുഴികൾ വീണ്ടും രൂപപ്പെട്ടിട്ടുണ്ട്. മൈസൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, സർജാപുര മെയിൻ റോഡ്, മാഗഡി റോഡ്, തുമക്കൂരു റോഡ്, ഓൾഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണു കുഴികൾ രൂപപ്പെട്ടത്. മൈസൂരു റോഡിൽ കഴിഞ്ഞ ഒരു മാസത്തിനിടെ റോഡിലെ കുഴിയിൽ വീണു 4 അപകടങ്ങളാണ് ഉണ്ടായത്. തിരക്കേറിയ 12 റോഡുകളുടെ ചുമതല ബിബിഎംപി നേരത്തെ കർണാടക റോഡ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന് നേരത്തെ കൈമാറിയിരുന്നു. എന്നാൽ റോഡ് കൈമാറ്റം സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണു കെആർഡിസിഎ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us