ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്.
ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്.
ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്ന അമ്മ, തന്റെ മകന് പ്രായപൂർത്തിയായിട്ടില്ല എന്നും കൊടും കുറ്റവാളികൾക്കൊപ്പം ആണ് തന്റെ മകനെയും പരപ്പന അഗ്രഹാര ജയിലിൽ പാർപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല.
തുടർന്ന് വക്കീലിന്റെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു.
പ്രായം രേഖപ്പെടുത്തിയതിൽ പോലീസിന് പിഴവു പറ്റി എന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതി ഷബീറിനെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.