ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; നടന്നത് വമ്പൻ ആസൂത്രണം

ഹൊസൂർ: ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ചയ്ക്കു പിന്നിൽ നടന്നത് വമ്പൻ ആസൂത്രണം. അന്തർസംസ്ഥാന കൊള്ളസംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ്. മധ്യപ്രദേശ് സ്വദേശികളായ രൂപ് സിങ് ബാഗൽ, അമിത് എന്ന വിവേക് ശുക്ല, ശങ്കർ സിങ് ബാഗൽ, പവൻകുമാർ വിഷ്‌കർമ, ഭൂപേന്ദർ മഞ്ചി, വിവേക് മണ്ടേൽ, ടീക് റാം, രാജീവ് കുമാർ, ലാല്യ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായവർ.

പിടിയിലായവരുടെ കവർച്ചാ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

മൂന്നുമാസം മുമ്പ് രൂപ് സിങ് ബാഗലും അമിത്തും ബെംഗളൂരുവിൽ എത്തി. പലയിടങ്ങളിൽ കവർച്ച നടത്തുകയായിരുന്നു പദ്ധതി. വാടകമുറിയിൽ താമസിച്ചായിരുന്നു ഗൂഢാലോചന.

കവർച്ചയുടെ പലഘട്ടങ്ങളിൽ സഹായിക്കാൻ ഇവർ പരിചയക്കാരെ ഏർപ്പാടാക്കി. തോക്കുകൾ എത്തിച്ചുകൊടുത്തത് ലുല്യ പാണ്ഡെ എന്നയാളാണ്. മുത്തൂറ്റിന്റെ വിവിധ ശാഖകളിൽ കവർച്ച നടത്തുകയായിരുന്നു ഇവരുടെ ആദ്യ ലക്ഷ്യം. ഇതിനായി പല ശാഖകളിലും പോയി പരിശോധിച്ചു.

ഒടുവിൽ ഹൊസൂർ ശാഖ തിരഞ്ഞെടുത്തു. കവർച്ചനടത്തി രക്ഷപ്പെടാൻ മുമ്പിലും പിറകിലും റോഡ് സൗകര്യമുള്ളതുകൊണ്ടായിരുന്നു ഇത്. കൊള്ള നടത്തുന്നതിന് 15 ദിവസം മുമ്പ് അമിത് മൂന്നുതവണ മൂത്തുറ്റിന്റെ ഹൊസൂർ ശാഖയ്ക്കു സമീപം പരിശോധന നടത്തി. ഇവിടത്തെ വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

ഒരു തവണ ഇടപാടുകാരനെന്ന വ്യാജേന ഓഫീസിനകത്തു കയറി. കൊള്ള നടത്തുന്നതിന് അഞ്ചുദിവസം മുമ്പാണ് ലുല്യ പാണ്ഡെ അമിതിന് ഏഴു തോക്കുകളും വെടിയുണ്ടകളും കത്തികളും എത്തിച്ചു കൊടുത്തത്. കേരളത്തിൽനിന്ന് മടങ്ങിയ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ ടീക്ക് റാമുമായും ക്ളീനർ രാജീവ് കുമാറുമായും പ്രതികൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു.

ബെംഗളൂരു-തമിഴ്‌നാട് അതിർത്തിയിൽ കണ്ടെയ്‌നർ ലോറി നിർത്തിയിട്ട് കാത്തിരിക്കാൻ നിർദേശം നൽകി. 22-ന് രാവിലെ 9.15-ന് കവർച്ച നടത്താനായി ആറംഗ സംഘം മൂന്നു ബൈക്കുകളിലായി മുത്തൂറ്റ് ഫിനാൻസ് ഓഫീസിലെത്തി.

രൂപ് സിങ് ബാഗലും ശങ്കർ സിങ് ബാഗലും പുറത്തുനിന്നു. ഇതിനിടയിൽ അമിതും പവൻ കുമാർ വിഷ്‌കർമയും ഭപേന്ദർ മഞ്ചിയും വിവേക് മണ്ഡലും മുഖം മൂടി ധരിച്ച് അകത്തെത്തി.

തുടർന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തി. തുടർന്ന് ബംഗളൂരു-തമിഴ്‌നാട് അതിർത്തിയിൽ കാത്തിരുന്ന കണ്ടെയ്‌നർ ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

പിടയിലായ പ്രതികളിൽ ചിലർ നേരത്തേ ഉത്തരേന്ത്യയിലുള്ള മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ കവർച്ചയ്ക്കു ശ്രമിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us