ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടയുകയും കല്ലെറിയുകയും ചെയ്തു.
ബെംഗളൂരുവിലും കോലാറിലുമാണ് സംഭവം.
കോലാർ ബംഗാർപേട്ടിൽ കോവിഡ് ബാധിച്ച് മരിച്ച 57-കാരന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് പോയ ആംബുലൻസിനു നേരെയാണ് കല്ലേറുണ്ടായത്.
ആംബുലൻസ് തെരുവിലൂടെ പോയാൽ കോവിഡ് പടരുമെന്ന തെറ്റിദ്ധാരണയിൽ പ്രദേശവാസികൾ പ്രതിഷേധിക്കുകയായിരുന്നു.
കുബാരപാളയ, ഗംഗമ്മപാളയ എന്നിവിടങ്ങളിലേ പ്രദേശവാസികൾ ആംബുലൻസിന് ശ്മശാനത്തിലേക്കുള്ള റോഡിലേക്ക് പോകാൻ കഴിയാത്ത തരത്തിൽ റോഡ് അടയ്ക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിനുനേരെ കല്ലെറിയുകയും ചെയ്തു.
പോലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. തുടർന്ന് ആംബുലൻസ് മറ്റൊരു റോഡിലൂടെ ശ്മശാനത്തിലെത്തി. ആംബുലൻസിന് കല്ലെറിഞ്ഞ കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് ബെംഗളൂരു എം.എസ്. പാളയയിലെ ശ്മശാനത്തിലേക്ക് എത്തിയ ആംബുലൻസാണ് തടഞ്ഞത്.
ശ്മശാനത്തിന്റെ പ്രവേശന കവാടത്തിൽ ആംബുലൻസ് തടയുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച 86-കാരന്റെ മൃതദേഹമായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്.
മൃതദേഹം ഇവിടെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ തടഞ്ഞത്.
പ്രതിഷേധിച്ചെത്തിയ നാട്ടുകാർ ആംബുലൻസിനുനേരെ കല്ലെറിയുകയും ചെയ്തു.
തുടർന്ന് വിദ്യാരണ്യപുര പോലീസെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേത്തുടർന്ന് മൃതദേഹം ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തേക്കു മാറ്റി.
വ്യാഴാഴ്ച വൈകീട്ട് 5.30 വരെ മൃതദേഹം ഇവിടെ സൂക്ഷിച്ചു.
പിന്നീട് പോലീസും ബി.ബി.എം.പി.യും ചേർന്ന് ഹൊസൂർ റോഡിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു.