ബെംഗളൂരു: കൊറോണ പ്രതിരോധത്തിന്റെഭാഗമായി ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോൾ കൊച്ചുമകനോടൊപ്പം ദേശീയപാതയിൽ കളിവണ്ടിയോടിച്ച് കർണാടക എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്.ആർ. ശ്രീനിവാസ്.
ശനിയാഴ്ചയാണ് ഗുബ്ബി എം.എൽ.എ.യായ ശ്രീനിവാസ് കൊച്ചുമകനോടൊപ്പം ദേശീയപാതയിലിറങ്ങിയത്.
റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കളിവണ്ടിയിൽ കൊച്ചുമകനെയിരുത്തി റോഡിലൂടെ ഓടിക്കുന്ന എം.എൽ.എ.യുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിലാണ് ആദ്യം പ്രചരിച്ചത്.
തുമകൂരു എസ്.പി. ഓഫീസിന് തൊട്ടരികത്താണ് എംഎൽ.എ.യുടെ ഈ നിയമലംഘനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ പോലീസും എം.എൽ.എ.യെ വിലക്കിയില്ലെന്ന് ആരോപണമുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സർക്കാർനിർദേശം ലംഘിച്ചെന്നും കർശന നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങൾ സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കണമെന്നും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ട് ജനതാദൾ(എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി സാമൂഹികമാധ്യമങ്ങളിലിട്ട പോസ്റ്റുകളും നിരവധി പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോവിഡ്-19 പശ്ചാത്തലത്തിൽ അതിജാഗ്രതയാണ് തുമകൂരുവിൽ. ഗ്രാമങ്ങളിലും നഗരങ്ങളിലുമുൾപ്പെടെ ബോധവത്കരണവും പോലീസ് നിരീക്ഷണവുമുണ്ട്.
സംഭവത്തിൽ എസ്. ആർ. ശ്രീനിവാസ് പ്രതികരിച്ചിട്ടില്ല.
ജനതാദൾ (എസ്) നേതാവാണ് ഇദ്ദേഹം. തുമകൂരുവിലാണ് സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.