ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം!!

 

ഗൾഫ്: ഇറാൻറെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാൻ പ്രതികാര നടപടി തുടങ്ങി. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി.

പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ഇറാൻ-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ത്യൻ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ബാഗ്‍ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തുടര്‍ന്നും സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  വിദേശകാര്യമന്ത്രാലയത്തിന്‍റെ ജാഗ്രത നിര്‍ദേശത്തിന് പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി.

ഇറാഖിന്‍റേയും ഇറാന്‍റേയും വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു. ഇതിനിടെ ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്രകൾ സിംഗപ്പൂർ ഏയർലൈൻസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 4 ശതമാനം വർധിച്ചു.

ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചു. യുദ്ധഭീതി തുടരുന്നതിനാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത.

മഹായുദ്ധത്തിന് സാധ്യത:

കഴിഞ്ഞദിവസം ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടക്കം 52 ഇടങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു. അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു. ഒപ്പം അമേരിക്കയേയും അമേരിക്കന്‍ സൈനികരേയും ഇറാന്‍ ഭീകരരായി പ്രഖ്യാപിച്ചു.

അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത് വന്നു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. ഗല്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് കപ്പലുകളെ സൈന്യം വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 48 മണിക്കുറിനകം ഇറാഖിലെത്തുന്ന രീതിയില്‍ തയ്യാറായിരിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു. ആഗോള തലത്തിൽ റഷ്യയുടെ സന്ദർശനം വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനുമായി സഖ്യം പുലർത്തുന്ന രാജ്യമാണ് സിറിയയെന്നതാണ് പുടിന്റെ സന്ദർശനം നിർണായകമാക്കുന്നത്.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ റഷ്യ ഇടപെട്ടു തുടങ്ങിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് പുടിൻ ഇവിടം സന്ദർശിക്കുന്നതെന്നതും മറ്റൊരു പ്രത്യേകത. 2017 ൽ ലടാകിയയിലുള്ള റഷ്യൻ സൈനിക താവളം പുടിൻ സന്ദർശിച്ചിരുന്നു. അന്ന് സിറിയയിലെ യുദ്ധത്തിന്റെ വിജയപ്രഖ്യാപനം നടത്തിയ പുടിൻ, റഷ്യൻ സൈനികരിൽ ഏറിയ പങ്കും നാട്ടിലേക്കു മടങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാഖിൽ നിന്ന് യുഎസ് സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങൾ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖിൽ നിന്ന് നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് കനത്ത ആക്രമണമെന്ന് ഇറാൻ. ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടു. 15 മിസൈലുകൾ രണ്ട് താവളങ്ങളിലേയ്ക്കുമായി തൊടുത്തു. ഒന്നു പോലും തകർക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല എന്നും ഇറാൻ അവകാശപ്പെട്ടു. ഇറാൻ ടിവിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. അമേരിക്കയുടെ ഹെലികോപ്റ്ററുകളും യുദ്ധോപകരണങ്ങളും ആക്രമണത്തിൽ തകർത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.

യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക ടെലിവിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ലോകത്തിലെ ഏറ്റവും ശക്തവും സജ്ജവുമായ സൈന്യമാണ് അമേരിക്കയുടേതെന്നും, നാളെ രാവിലെ ഞാൻ ഒരു പ്രസ്താവന നടത്തുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us