ബെംഗളൂരു: കാര്‍ട്ടോസാറ്റ് 3, 17 മിനുറ്റ് 40 സെക്കന്റില്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നാലെയാണ് പുതിയ ദൗത്യം ഐഎസ്ആര്‍ഒ നിര്‍വ്വഹിച്ചിരിക്കുന്നത്.
പിഎസ്എല്‍വി സി 47 ആയിരുന്നു വിക്ഷേപണ വാഹനം. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇന്ന് ബംഗളൂരുവിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്നും വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റിന് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ ഇസ്രൊ വിക്ഷേപിച്ച 13 നാനോ സാറ്റലൈറ്റുകളും വിജയകരമായി ബഹിരാകാശത്തെത്തി.
3.25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു കാര്‍ട്ടോസാറ്റ് 3യില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ശത്രുപാളയത്തിലെ മനുഷ്യര്‍ക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വിവരങ്ങള്‍ വരെ സേനയ്ക്കു ഇനി ലഭ്യമാകും. 16 കിലോമീറ്റര്‍ വ്യാപ്തിയുള്ള മേഖല ഒറ്റദൃശ്യത്തില്‍ പകര്‍ത്താനുളള സ്പേഷ്യല്‍ റേഞ്ചും ഇതിനുണ്ട്.
ഭീകരകേന്ദ്രങ്ങളിലെ ഒളിത്താവളങ്ങള്‍ക്കുള്ളിലെ ദൃശ്യം വരെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടിസ്പെക്ട്രല്‍, ഹൈപ്പര്‍ സ്പെക്ട്രല്‍ ഉപകരണങ്ങളും കാര്‍ട്ടോസാറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 ചെറിയ ഉപഗ്രഹങ്ങള്‍ കൂടി ഐ.എസ്.ആര്.ഒ വിക്ഷേപിച്ചു.
രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനമുള്ള കാര്യം കൂടിയാണിത്. ബഹിരാകാശ രംഗത്തെ നിലവിലെ അതികായകന്മാരാണ് അമേരിക്കയുടെ നാസ. ഈ ബഹിരാകാശ ഏജന്‍സി ഉള്ളപ്പോള്‍ തന്നെയാണ് ഐ.എസ്.ആര്.ഒയെ അമേരിക്ക ആശ്രയിച്ചിരിക്കുന്നത്. പാളിയ ചന്ദ്രയാന്‍ 2 പരീക്ഷണമൊന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ വിലയിടിച്ചിട്ടില്ല.
പറ്റിയ പിഴവ് തിരുത്തി വീണ്ടും ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്താനും ഇതിനകം തന്നെ ഐ.എസ്.ആര്.ഒ തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ വിജയകരമായി വിക്ഷേപണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഒരു ഹോളിവുഡ് സിനിമയുടെ ബഡ്ജറ്റ് മാത്രമാണ് ചന്ദ്രയാന്‍ 2 വിന് പോലും ചിലവ് വന്നിരുന്നത്.
നാസക്ക് പോലും ചിന്തിക്കാന്‍ പറ്റാത്ത ബഡ്ജറ്റാണിത്. അതുകൊണ്ട് തന്നെയാണ് ഓര്‍ഡറുമായി അമേരിക്ക പോലും ഇപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ ക്യു നില്‍ക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് വലിയ ഒരു മുന്നേറ്റത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ ഏപ്രിലില്‍ എമിസാറ്റും മേയില്‍ റിസാറ്റ് 2 ബിയും ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ കരുത്തോടെ പുതിയ വിക്ഷേപണമിപ്പോള്‍ നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.