ചെന്നൈയിൽ നിന്നും മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഓണം സ്പെഷൽ തീവണ്ടികൾ പ്രഖ്യാപിച്ച റെയിൽവേ ബെംഗളൂരു മലയാളികളോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയം;ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് സ്പെഷൽ തീവണ്ടികൾ അനുവദിക്കാത്തത് ആരുടെ പോക്കറ്റിലെ കാശു കണ്ട് ?

ബെംഗളൂരു: പ്രിയദർശൻ-മോഹൻലാൽ – ജഗതീ ശ്രീകുമാർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒരു സൂപ്പർ ഹിറ്റായ ചലച്ചത്രമാണ് “കിലുക്കം” അതിൽ അത്യന്തം നർമ്മത്തിൽ ചാലിച്ച ഒരു സംഭാഷണമുണ്ട് നിശ്ചൽ കുമാർ ജോജിയോടു പറയുന്നു ” നീ ചാറിൽ മുക്കി നക്കിയാൽ മതി”ഏകദേശം ഈ ഡയലോഗ് എല്ലാ ബെംഗളൂരു മലയാളികളോടും ആവർത്തിക്കുന്ന വിധമാണ് റെയിൽവേയുടെ സമീപനം.

അത് ഈ വർഷം ഓണത്തിന് മാത്രമല്ല എല്ലാ വിശേഷ അവസരങ്ങളിലും അത് പെരുന്നാളാകട്ടെ കൃസ്തുമസ് ആകട്ടെ വിഷു ആകട്ടെ ബെംഗളൂരു മലയാളികൾ “ചാറിൽ മുക്കി നക്കിയാൽ മതി” എന്നാണ് റെയിൽവേ പറയുന്നത്.

ഈ വർഷം ഓണത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത് 9 സ്പെഷൽ തീവണ്ടികളാണ്, തിരുവനന്തപുരം – മംഗളൂരു (06095) ,തിരിച്ച് (06096), തിരുവനന്തപുരം – മംഗളൂരു (82641) ,ചെന്നൈ – കൊച്ചുവേളി (82635), കൊച്ചുവേളി – ചെന്നൈ (06076), ചെന്നൈ- എറണാകുളം (06077), എറണാകുളം -ചെന്നൈ (06078), ചെന്നൈ – കൊച്ചുവേളി (82637), തിരിച്ച് (82638).


ഇനി ഇതിൽ ഏറ്റവും കൂടുതൽ മലയാളികൾ യാത്ര ചെയ്യുന്ന ബെംഗളൂരുവിൽ നിന്ന് എത്ര തീവണ്ടികൾ ഉണ്ടെന്ന് നോക്കൂ .. ഒന്നു പോലുമില്ല.. എന്തായിരിക്കും കാരണം ?

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും എല്ലാ ക്ലാസുകളിലും ഓണടിക്കറ്റുകൾ നീണ്ട വെയിറ്റിംഗ് ലിസ്റ്റിലാണ്, എന്നിട്ടും ഇതുവരെ ഒരു സ്പെഷൽ പോലും പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടായിരിക്കാം ?

കർണാടക – കേരള ആർടിസികൾ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടും അവ നിറഞ്ഞു കവിയുകയും സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 3000 ത്തിന് മുകളിലേക്കെത്തുന്നത് ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ്. എല്ലാ വർഷവും ഓണത്തിന് ഇത് തന്നെയാണ് അവസ്ഥ.

ചില വർഷങ്ങളിൽ എല്ലാവരും സ്വകാര്യ ബസുകളിൽ കൊള്ള നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്തു എന്നുറപ്പായതിന് ശേഷം മാത്രം ഒരു സ്പെഷൽ പ്രഖ്യാപിക്കും ,ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്പെഷൽ പ്രഖ്യാപിച്ച് യാത്ര ആരംഭിച്ച ചരിത്രം വരെ ഉണ്ട്.ലക്ഷ്യം ഒന്ന് തന്നെ ബെംഗളൂരു മലയാളികളുടെ സമ്പാദ്യത്തിൽ നിന്ന് നല്ലൊരു തുക റെയിൽവേക്ക് ലഭിക്കാതെ മറ്റു പലരുടെയും കീശയിൽ എത്തിക്കണം എന്നത് തന്നെ.

സാങ്കേതികമായി കാരണങ്ങൾ പലതും പറയാനുണ്ടാവുമെങ്കിലും റെയിൽവേ ഉദ്യോഗസ്ഥരുടെ ബെംഗളൂരു മലയാളികളോടുള്ള അവഗണനയുടെ കാരണം എന്താണെന്ന് എല്ലാവർക്കും വ്യക്തമാണ്, കൃത്യമായ തെളിവില്ലാത്തതിനാൽ ആരും അത് പുറത്ത് പറയുന്നില്ല എന്ന് മാത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us