ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവുംവലിയ മഴക്കെടുതിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഏഴുദിവസമായുള്ള കനത്ത പേമാരിയിൽ വിവിധ ജില്ലകളിലായി 24 പേർ മരിച്ചു. 6000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അടിയന്തര സാമ്പത്തികസഹായമായി 3000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയിൽ തകർന്ന വീടുകൾ പുനർനിർമിക്കും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായമായി അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു.
സംസ്ഥാനത്ത് 18 ജില്ലകൾ വെള്ളത്തിലാണ്. രണ്ടരലക്ഷത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു. 664 ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ബെലഗാവി, ഹവേരി, ഗദക്, ശിവമൊഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ ജില്ലകളിലാണ് കനത്ത നാശമുണ്ടായത്. 3.75 ലക്ഷം ഹെക്ടർ കൃഷിയിടം നശിച്ചു.
പതിനാലായിരത്തോളം വീടുകൾ തകർന്നു. 1410 കിലോമീറ്റർ റോഡ്, 211 പാലങ്ങൾ, 4019 സർക്കാർ കെട്ടിടങ്ങൾ, 10 ജലസേചന ടാങ്കുകൾ എന്നിവയും തകർന്നു. രണ്ടുദിവസംകൂടി കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ബെംഗളൂരുവിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ നിറഞ്ഞ നിലയിലാണ്.
കാവേരി നദിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് നദീതട ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി. കെ.ആർ.എസ്, കബനി അണക്കെട്ടുകളിൽ ജലവിതാനം ഉയർന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടി, ബസ് സർവീസുകളും മുടങ്ങി. ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവരോടൊപ്പം കര, വ്യോമ സേനാംഗങ്ങളും ദുരിതാശ്വാസപ്രവർത്തനത്തിനുണ്ട്.
വടക്കൻ കർണാടകത്തിലെ പല ജില്ലകളും ഒറ്റപ്പെട്ടനിലയിലാണ്. മഴക്കെടുതിയിലായ ജില്ലകളിലെ ഗതാഗതസംവിധാനവും താറുമാറായി. മഴക്കെടുതിയുള്ള 18 ജില്ലകളിലെ വിദ്യാഭ്യാസസ്ഥപനങ്ങൾക്ക് 15 വരെ അവധിപ്രഖ്യാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.