അമിത്ഷാക്ക് അഭിനന്ദനങ്ങൾ !

ചില തീരുമാനങ്ങൾ എടുക്കാൻ നട്ടെല്ലുവർ  തന്നെ വേണം.

പ്രധാന മന്ത്രി മോദിയുടെ അനുവാദത്തോടെ,പാർലിമെന്റിൽ ബിജെപിക്കുള്ള ഭൂരിപക്ഷത്തിന്റെ ധൈര്യത്തോടെ , സർവോപരി കാശ്മീരിൽ നിന്നും അതിർത്തിക്കപ്പുറത്തു നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുത്തു അവസാനിപ്പിക്കാമെന്ന ആത്മ വിശ്വാസത്തോടെ സ്വാതന്ത്യാനന്തര ഇന്ത്യയിലെ ചരിത്രത്തിൽ കാശ്മീരുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു .

കാശ്മീരിനെ
“ഇന്ത്യക്കകത്തും  പുറത്തുമായി”
കഴിഞ്ഞ 70 വർഷമായി നിർത്തിയിരുന്ന 370 ആം വകുപ്പു റദ്ദാക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.

തങ്ങൾ പ്രത്യേകമായി അനുഭവിച്ചു വന്ന ചില അധികാരങ്ങൾ ഇല്ലാതാകുന്നതിൽ ഭൂരിപക്ഷം കാശ്മീർ ജനതക്കും ആശങ്കൾ ഉണ്ടാകാമെങ്കിലും ദീർഘ   കാലാടിസ്ഥാനത്തിൽ  കശ്‌മീരിനും അവിടെത്തെ ജനതക്കും പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കപെടാൻ ഉപകരിക്കുന്നതാണ് ബിജെപി സർക്കാരിന്റെ പുതിയ തീരുമാനം .

കശ്മീരിന്റെ പ്രത്യേക പദവി ഒരു മതിൽ കെട്ടായി നിൽക്കുകയായിരുന്നു ഇതുവരെയും ഇന്ത്യക്കും കാശ്മീരിനുമിടയിൽ .
ആ മതിൽ പൊളിച്ചു നീക്കുന്നതിലൂടെ കാശ്മീരികൾ കൂടുതൽ മാത്സര്യബുദ്ധിയുള്ളവരും സ്വന്തം സംസ്ഥാനത്തിന്റെ പുരോഗതിക്കു മറ്റു സംസ്ഥാനത്തുള്ളവരെ കാശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നവരുമായി മാറും.

ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുമ്പോഴും ഞങ്ങൾ പൂർണമായും ഇന്ത്യക്കാരാണോ   എന്നൊരു  സംശയം പല കാശ്മീരികളെയും വേട്ടയാടിയിരുന്നു. ഭാരതത്തെ പൂർണമായും സ്നേഹിക്കുന്നതിൽ നിന്നും  അറിഞ്ഞോ അറിയാതെയോ ഈയൊരു മനഃശാസ്ത്രം  അവരിൽ പലരെയും അലട്ടിയിട്ടുണ്ടാവും.

ആ മാനസിക അകൽച്ച മാറ്റിയെടുക്കുക എന്ന പ്രധാനപ്പെട്ട ദൗത്യവും ഈ പുതിയ ചരിത്ര തീരുമാനത്തിലൂടെ സാധിക്കുമെന്നത് ശുഭ സൂചനയുണ്ടാക്കുന്നു.

അവരുടെ ഭൂമി മറ്റുള്ളവർ പിടിച്ചടക്കും ,
കശ്മീരിന്റെ സ്വത്വം നശിക്കും എന്നതൊക്കെ നിലവാരമില്ലാത്ത ആശങ്കകൾ മാത്രമാണ് .

ഒരു രാജ്യത്തിന്റെ ഭാഗമായി ലോകത്തു അറിയപ്പെടുമ്പോൾ ആ രാജ്യത്തിന്റെ എല്ലാ നിയമങ്ങളും ആനുകൂല്യങ്ങളും അവർക്കും ബാധകമാണെന്നത്  എല്ലാവരും അംഗീകരിക്കേണ്ടതാണ് .

70 വർഷം മുൻപുള്ള സാഹചര്യത്തിന് അനുസരിച്ചു നിർമിക്കപ്പെട്ട നിയമങ്ങൾ എല്ലാ കാലത്തും തുടരണമെന്ന് വാശിപിടിക്കുന്നത് ആ ജനത അവരോടു തന്നെ ചെയ്യുന്ന ക്രൂരതയാണ് , അതിനു  കൈ കൊട്ടുന്നവർ 370 ആം വകുപ്പ്  ഏതുസമയത്തും എടുത്തു കളയാൻ ( സാഹചര്യം ഒത്തുവന്നാൽ ) കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന എഴുത്തു കൂടി അതിനൊപ്പം ചേർത്തിരുന്നു എന്നത് സൗകര്യ പൂർവം മറക്കുന്നു.

ഏതൊരു ഇന്ത്യക്കാരനും കാശ്മീരിൽ ഭൂമി വാങ്ങാനും വ്യാപാര വ്യവസായങ്ങൾ ആരംഭിക്കാനും കഴിയുന്നതോടെ കശ്മീരിന്റെ മുഖം മാറും.

നമ്മുടെ MA  യൂസഫലിക്ക് പോലും കാശ്മീരിൽ വ്യാപാര സമുച്ഛയങ്ങൾ നിർമിച്ചു ആയിരക്കണക്കിന് കാശ്മീരികൾക്കു തൊഴിൽ നൽകാൻ സാധിക്കും.

തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രയത്നിക്കുന്ന ഭാരതത്തിന്റെ പുത്രന്മായായി കാശ്മീരികളെ  ഭാവി ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പ്രത്യേക സംസ്ഥാനമെന്ന പദവി എടുത്തുകളയുന്നതിലൂടെ ,  അവർക്കു ലഭിക്കുന്ന വിശാലമായ അവസരങ്ങളും , ചില നഷ്ടപ്പെടലുകളും അവസരമൊരുക്കുക തന്നെ ചെയ്യും.

ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇടയിൽ ജീവിതം നരകിച്ചു മരിച്ചു തീർക്കുന്നതിലും നല്ലതു തന്നെയാണ് ഭാരതത്തിന്റെ ഭാഗമായി കഴിയുന്ന ഒരു പ്രദേശത്തെ അയൽരാജ്യത്തിന്റെ കളിപ്പാവയാക്കി എന്നും നിലനിർത്താതെ ഇന്ത്യയോട്  പൂർണ്ണമായും നെഞ്ചോടു ചേർത്ത് കാശ്മീർ നമ്മുടേത്  മാത്രമാണെന്ന് പ്രഖ്യാപിക്കുന്നത്.

ഇന്ത്യയിലെ മറ്റു പ്രദേശത്തുള്ള പൗരന്മാർക്കുമുള്ള അവകാശങ്ങളൊക്കെ കാശ്മീരികൾക്കും ഉണ്ടന്നും  അവർക്കില്ലാത്തതൊന്നും ഇനിമുതൽ കാശ്മീരികൾക്കും ഉണ്ടാകില്ലെന്നും  വിളിച്ചു പറയുകയാണ് ശ്രീ അമിത് ഷാ ഡൽഹി ഭരണ സിരാ കേന്ദ്രത്തിൽ പ്രഖ്യാപിച്ചത്.

കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനുള്ള തീരുമാനം ഈ അവസരം സർക്കാരിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെങ്കിലും  ഭാവിയിൽ അവർക്കു മറ്റു സംസ്ഥാനങ്ങളെ പോലെ പൂർണ അധികാരമുള്ള ഭാഷ സംസ്ഥാനമായി തന്നെ മുന്നോട്ടു പോകാൻ കേന്ദ്രം അനുവദിക്കുന്നതാണ്  കാശ്മീരിനെ ഭാരതത്തിന്റെ സ്വർഗ്ഗമാക്കി തിരിച്ചു കൊണ്ട് വരാൻ സഹായിക്കുക .

അതിനു ബിജെപി സർക്കാർ നല്ല ബുദ്ധി കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

ലേഖകൻ

കഴിഞ്ഞ 20 വർഷമായി നഗരത്തിൽ താമസിക്കുന്ന ശ്രീ അൻവർ മുത്ത് ഇല്ലത്ത് ,ഒരുമ (ഓർഗനൈൈസേഷൻ ഓഫ് യുനൈറ്റഡ് മലയാളീസ്) എന്ന സംഘടനയുടെ സംസ്ഥാന കൺവീനർ കൂടിയാണ്.

“കാഴ്ചപ്പാട്‌” എന്ന വിഭാഗത്തിൽ വരുന്ന ലേഖനങ്ങളിൽ അതാത് ലേഖകൻമാരുടെ ആശയങ്ങളും ചിന്തകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, ഇത് ബെംഗളൂരു വാർത്തയുടെ അഭിപ്രായമോ ആശയമോ ആയിക്കൊള്ളണമെന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us