ബെംഗളൂരു: മാണ്ഡ്യ ലോക്‌സഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസും ജനതാദൾ- എസും തർക്കം തുടരുന്നതിനിടെ സുമലത മാണ്ഡ്യയിൽ പ്രചാരണം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ചും ആരാധകരുമായി കൂടിക്കാഴ്ച നടത്തിയുമാണ് അവർ ജനങ്ങളുടെ പിന്തുണ തേടുന്നത്.
സുമലതയുടെ ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ അംബരീഷ് മൂന്ന് തവണയാണ് മാണ്ഡ്യയിൽനിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ തട്ടകത്തിൽ ഇക്കുറി മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സുമലത. കന്നഡ സിനിമാലോകവും പിന്തുണ അറിയിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാണ്ഡ്യയിൽ മത്സരിക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചതാണ്. എന്നാൽ തങ്ങളുടെ സിറ്റിങ് സീറ്റായ മാണ്ഡ്യ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ജനതാദൾ- എസ്. അവിടെ ദേവഗൗഡയുടെ കുടുംബാംഗം മത്സരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
മാണ്ഡ്യയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ദേവഗൗഡയും. അംബരീഷുമായുള്ള അടുത്തബന്ധം വൈകാരികമായി വിശദീകരിച്ചുകൊണ്ടാണ് പൊതുചടങ്ങുകളിൽ കുമാരസ്വാമിയുടെ പ്രസംഗം. സുമലതയെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
തർക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വമാണ്. മാണ്ഡ്യക്ക് പകരം ബെംഗളൂരു നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ ഒന്ന് നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് നൽകിയിട്ടുണ്ടെങ്കിലും സുമലത സ്വീകരിച്ചിട്ടില്ല. മാണ്ഡ്യ ജനതാദളിൽനിന്ന് വിട്ടുകിട്ടിയാൽ സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണ്.
എന്നാൽ ജനതാദൾ അടുപ്പിക്കുന്നില്ല; മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ മാണ്ഡ്യയിൽ മത്സരിപ്പിക്കാനാണ് അവരുടെ തീരുമാനം. കോൺഗ്രസ് കൈയൊഴിഞ്ഞാൽ സുമലത സ്വതന്ത്രയായി മത്സരിക്കും. സുമലതയെ പാർട്ടിയിലെത്തിക്കാൻ ബി.ജെ.പി.യും ശ്രമിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.