റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ സ്ഥാനം രാജിവച്ചു.നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഊർജിത് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പക്ഷേ കേന്ദ്രസർക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആർബിഐ ഉന്നതമേധാവികൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയും ആർബിഐ ഗവർണർ ഊർജിത് പട്ടേലും തമ്മിൽ വലിയ ചേരിപ്പോരാണ് നടക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ബാങ്കുകളെ ‘സ്വതന്ത്രമായി വിഹരിയ്ക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന’ ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയുടെ വക്കിലെത്തിച്ചതെന്നാണ് അരുൺ ജയ്‍റ്റ്‍ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്.
ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യ പിറ്റേന്നു തന്നെ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി. ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈ കടത്തിയാൽ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് വിരാൽ ആചാര്യ മുന്നറിയിപ്പ് നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.