പണം മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കൂ: മല്യ

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തുവന്നത്.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൂടെയാണ് മല്യ നിലപാട് വ്യക്തമാക്കുന്നത്.

‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട്  വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും’ മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

വ്യോമയാന ഇന്ധനത്തിന്‍റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വില എത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ മല്യ ദയവുചെയ്ത് അത് സ്വീകരിക്കണമെന്നും ട്വിറ്ററില്‍ പറയുന്നു.

വായ്പ തിരിച്ചടയ്ക്കാത്തതിന് നടപടി തുടങ്ങിയതോടെ 2016 മാര്‍ച്ചിലാണ് മല്യ മുങ്ങിയത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വിചാരണക്കായി മല്യയെ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നുവെന്നും ഇത് കള്ളമാണെന്നും താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും മല്യ പറയുന്നു.

മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജസ് ഗ്രൂപ്പ് നടത്തി പൊതുഖജനാവിലേക്ക് ആയിരക്കണക്കിന് കോടിയാണ് സംഭാവന നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇപ്രകാരം ഖജനാവിലേക്ക് സംഭാവന നല്‍കിയ കമ്പനിയാണെന്നും മല്യ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us