ലാഹോര്‍: സ്ത്രീപീഡകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ഇന്ന് പാക്കിസ്ഥാന്.
ഏഴു വയസുകാരി സൈനബ് അന്‍സാരിയടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇംറാന്‍ അലിയാണ് ഇന്ന് പുലര്‍ച്ചെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ പാക്കിസ്താന് തൂക്കിലേറ്റിയത്. തൂക്കിലേറ്റുമ്പോള്‍ മജിസ്ട്രേറ്റ് ആദില്‍ സര്‍വാര്‍, സൈനബിന്റെ പിതാവ് മുഹമ്മദ് അമീന് എന്നിവര്‍ സന്നിഹിതരായിരുന്നു.
തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുന്‍പ് ഇംറാന്‍ അലിയ്ക്ക് തന്റെ കുടുംബാംഗങ്ങളെ കാണാന്‍ 45 മിനിട്ട് സമയം കോടതി അനുവദിച്ചിരുന്നു.
പാക്കിസ്ഥാനില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഏഴു വയസുകാരി സൈനബിന്റെ കൊലപാതകം. സൈനബിന് നീതി കിട്ടണമെന്നും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ തെരുവില്‍ ഇറങ്ങിയിരുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജനുവരി നാലാം തീയതി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂര്‍ എന്ന സ്ഥലത്ത് നിന്നാണ് സൈനബ് അന്‍സാരിയെ കാണാതായത്. നാലു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ജനുവരി 23ന് ഇംറാന്‍ അലിയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലിസ് ഡി.എന്‍.എ, പോളിഗ്രാഫ് പരിശോധനകളിലൂടെ കൊലപാതക കുറ്റം സ്ഥിരീകരിച്ചു. സൈനബ് അന്‍സാരിയുടെ അയല്‍വാസിയായിരുന്നു ഇംറാന്‍ അലി.
സൈനബ് അടക്കം ഒന്‍പതുപേരെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതം നടത്തുകയും ചെയ്തു.