ബെംഗളൂരു : അപകടഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു സഹായം തേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുമായി കർണാടക പൊലീസ്. ബെളഗാവി, മൈസൂരു റൂറൽ, ദക്ഷിണ കന്നഡ, കലബുറഗി, ഗദക് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.വനിതകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു പ്രാധാന്യം നൽകി ബെംഗളൂരു സിറ്റി പൊലീസ് കഴിഞ്ഞ വർഷം ‘സുരക്ഷ’ ആപ് വികസിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു സംസ്ഥാന വ്യാപകമായി അടിയന്തര സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പിനു പദ്ധതി തയാറാക്കിയത്. ആപ്പിന്റെ അവസാനവട്ട പരിശോധനകൾ നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു.
ആപ്പിന് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കാൻ പൊലീസ് പൊതുജനങ്ങൾക്കായി മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും നിർദേശിക്കുന്നയാൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. kspapp@ksp.gov.in എന്ന ഇ–മെയിലിലേക്കു മാർച്ച് 15ന് അകം അപേക്ഷകൾ അയയ്ക്കാം. പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9480800123
ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ വിരലമർത്തി പൊലീസ് സഹായം തേടാൻ കഴിയുന്ന സുരക്ഷാ ആപ് കഴിഞ്ഞ ഏപ്രിലിൽ ആണു ബെംഗളൂരു സിറ്റി പൊലീസ് പുറത്തിറക്കിയത്. അവശ്യഘട്ടത്തിൽ ആപ്പിലെ എസ്ഒഎസ് ബട്ടനിൽ ഒരുവട്ടമോ മൊബൈൽ ഫോണിന്റെ പവർബട്ടനിൽ അഞ്ചുതവണയോ അമർത്തിയാൽ ഉടനടി വിവരം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും.
നിമിഷങ്ങൾക്കകം മൊബൈലിലേക്കു പൊലീസിന്റെ വിളിയെത്തുകയും ചെയ്യും. സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആപ് ഉപയോഗിക്കുന്നയാൾ എവിടെയെന്നു മനസ്സിലാക്കാനും ഇതിനു സമീപത്തുള്ള ഹൊയ്സാല പട്രോൾ വാഹനം രക്ഷയ്ക്കായി അയയ്ക്കാനും സാധിക്കും. ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാകുന്ന ആപ് ഇതിനകം അരലക്ഷത്തിലേറെ ആളുകൾ ഡൗൺലോഡ് ചെയ്തു.
∙അപകടഘട്ടങ്ങളിൽ വിശ്വസ്തരായ അഞ്ചുപേരുടെ മൊബൈലുകളിലേക്ക് അതിവേഗം സഹായം തേടി സന്ദേശം അയയ്ക്കാം. ∙ഉടനടി പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ∙ആപ്പിന്റെ സഹായത്തോടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ കണ്ടെത്താം. ∙കർണാടകയിൽ എവിടെയുമുള്ള പൊലീസ് സ്റ്റേഷന്റെ വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി, ഇവിടെ എത്താൻ നാവിഗേഷൻ എന്നിവയും ആപ്പിലുണ്ട്. ∙പൊലീസിന്റെ മാർഗനിർദേശങ്ങൾ, അറിയിപ്പുകൾ, സംസ്ഥാനത്ത് ഓരോ സ്ഥലത്തുനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ആപ് വഴി പൊലീസിനു കൈമാറാൻ കഴിയും.