ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി യില് നിന്ന് വിമാനത്താവളത്തിലേക്ക് വെറും 15 മിനുട്ട് കൊണ്ട് എത്തിച്ചേരാന് കഴിയുമോ ? അത്ഭുതപ്പെടേണ്ട ഹെലി ടാക്സി സര്വീസുമായി മലയാളിയുടെ കമ്പനി തയ്യാറായിക്കഴിഞ്ഞു.
സർവീസ് ഈ മാസം തുടങ്ങുമെന്നു പദ്ധതി നടപ്പാക്കുന്ന തുമ്പി ഏവിയേഷൻസ് അറിയിച്ചു. 21ന് ആദ്യ സർവീസ് തുടങ്ങുമെന്നു ബെംഗളൂരു രാജ്യാന്തര വിമാനത്താവള അധികൃതർ സൂചന നൽകിയെങ്കിലും അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഹെലി ടാക്സിയുടെ അവസാന വട്ട പരീക്ഷണ പറക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാക്കിയ ശേഷം ഉദ്ഘാടന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു തുമ്പി ഏവിയേഷൻസ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ഗോവിന്ദ് നായർ പറഞ്ഞു.
ടിക്കറ്റ് ചാർജിന്റെ കാര്യത്തിലും വരുംദിവസങ്ങളിൽ വ്യക്തതയുണ്ടാകും. ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റിയിലേക്കും അതിനുശേഷം എച്ച്എഎല്ലിലേക്കും സർവീസ് തുടങ്ങും. പരീക്ഷണപ്പറക്കലിൽ ഇലക്ട്രോണിക് സിറ്റി–വിമാനത്താവളം യാത്രയ്ക്കു ഹെലി ടാക്സിക്കു 15 മിനിറ്റേ വേണ്ടി വന്നുള്ളു. തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷൻ കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനത്താവളത്തിൽ നിന്നുള്ള ഹെലി–ടാക്സി സർവീസ് പദ്ധതി പ്രഖ്യാപിച്ചത്.