ബെംഗളുരു: നമ്മ മെട്രോ തെക്ക്- വടക്ക് ഇടനാഴിയിലെ മൂന്നു സ്റ്റേഷനുകൾ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും. ഗ്രീൻലൈനിൽ ഉൾപ്പെടുന്ന സെംപികെ റോഡ് (മന്ത്രി സ്കൊയർ), ശ്രീരാമപുര,കുവെംപു റോഡ് എന്നീ മൂന്നു സ്റ്റേഷനുകൾ ഈ മാസം 22 വരെ അടച്ചിടും. ഭൂഗർഭ ഇടനാഴിയിലെ പരിശോധനകൾ നടക്കുന്നതിനാലാണ് ഇത്.
എന്നാൽ തെക്ക് വടക്ക് ഇടനാഴിയിൽ നാഗസാന്ദ്ര മുതൽ രാജാജി നഗർ വരെയുള്ള റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ല എന്ന് ബിഎംആർസി എൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ രാജാജി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും ഹൊസ ഹളളി മെട്രോ സ്റ്റേഷനിലേക്ക് ബിഎം ടി സി ഫീഡർ സർവ്വീസുകൾ നടത്തും.എം എഫ് 16 എന്ന നമ്പറിൽ സർവ്വീസ് നടത്തുന്ന ബസിന് 10 രുപയാണ് ടിക്കറ്റ് ചാർജ്ജ്.
തിരക്ക് ഉള്ള സമയങ്ങളിൽ അഞ്ചു മിനിട്ട് ഇടവിട്ടും അല്ലാത്ത സമയങ്ങളിൽ 10 മിനിട്ട് ഇടവിട്ട് സർവ്വീസുകൾ നടത്തും. ഹൊസഹളളി സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർക്ക് മെട്രോയിൽ തന്നെ മജസ്റ്റിക് അടക്കമുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.
ഇനിയും പൂർത്തിയായിട്ടില്ലാത്ത “നമ്മ മെട്രോ ” ഒന്നാം ഘട്ടത്തിലെ യെലച്ചനഹള്ളി – സെംപികെ റോഡ് (മന്ത്രിസ്കൊയർ ) റീച്ചിലെ അവസാന പരിശോധനകളും പരീക്ഷണ ഓട്ടങ്ങളുമാണ് അടുത്ത ദിനങ്ങളിൽ നടക്കാൻ പോകുന്നത്. അടുത്ത മാസം അവസാനത്തോടെ തെക്ക്-വടക്ക് ഇടനാഴിയിൽ പൂർണ തോതിൽ സർവ്വീസ് തുടങ്ങാനാണ് ബി.എം.ആർ.സി എൽ ലക്ഷ്യമിടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.