ദില്ലി:മുത്തലാഖ് നിരോധിക്കാന്‍ സുപ്രീം കോടതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വീണ്ടും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചാല്‍ അത് ജുഡീഷ്യല്‍ നിയമനിര്‍മ്മാണവും മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശ ലംഘനവുമാകുമെന്ന് ബോര്‍ഡ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി നേരത്തെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായം തേടിയിരുന്നു. ശരിയത്ത് നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.
എന്നാല്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈ സമ്പ്രദായം തുല്യനീതിക്കുള്ള അവകാശം ഹനിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വീണ്ടും സുപ്രീം കോടതിയെ അഭിപ്രായം അറിയിച്ചത്. മുസ്ലിം സ്ത്രീകളും വിവാഹം വിവാഹ മോചനം, ജീവനാംശം എന്നീ വിഷയങ്ങളില്‍ സുപ്രീം കോടതി തീരുമാനമെടുത്താല്‍ അത് ജുഡീഷ്യല്‍ നിയമനിര്‍മ്മാണമാകുമെന്ന് ബോര്‍ഡ് പുതിയ സത്യവാങ്മൂലത്തില്‍ വാദിക്കുന്നു.
ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നിയമനിര്‍മ്മാണ നയത്തിന്റെ പരിധിയില്‍ വരുന്നതാണ്. മാത്രമല്ല മതനിയമങ്ങള്‍ ഭരണഘടന ഉറപ്പാക്കുന്ന സമത്വത്തിന് എതിരാണെന്ന വാദം അംഗീകരിക്കാന്‍ പാടില്ല. സാമൂഹ്യ പരിവര്‍ത്തനം എന്ന പേരില്‍ മതനിയമം മാറ്റുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 25, 26, 29 എന്നീ അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബോര്‍ഡ് വാദിക്കുന്നു.
മതഗ്രന്ഥങ്ങളുടെ വിശുദ്ധത കോടതികളില്‍ അല്ല തീരുമാനിക്കേണ്ടതെന്നും കോടതികള്‍ ഇവയ്ക്കു വ്യഖ്യാനം നല്കുന്നത് ഉചിതമല്ലെന്നും സത്യവാങ്മൂലം പറയുന്നു. ഏകീക്യത സിവില്‍ നിയമത്തെക്കുറിച്ച് ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത് എന്നിരിക്കെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിനു ശേഷം മുത്തലാഖിനെതിരെ പൊതു അഭിപ്രായം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വ്യക്തിനിയമബോര്‍ഡിന്റെ നീക്കം.