വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭീകര സംഘടനയായ ഐഎസിനെ ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റാലുടൻതന്നെ 30 ദിവസം കൊണ്ട് ഐഎസിനെ ഭൂലോകത്തു നിന്നും തുടച്ചു നീക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി സൈനിക മേധാവികൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകും. ഇതിനു സൈനിക യുദ്ധമോ, സൈബർ യുദ്ധമോ, പ്രത്യയശാസ്ത്ര യുദ്ധമോ വേണ്ടിവന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഫിലാഡൽഫിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പുറമെ അമേരിക്കയുടെ സൈനിക ശക്തി മെച്ചപ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞു. സൈനികർക്കു മികച്ച പരിശീലനം നൽകി അവരെ കഴിവുറ്റവരാക്കിത്തീർക്കണം. സൈനിക ആവശ്യങ്ങൾക്കായുള്ള തുക വർധിപ്പിക്കണമെന്നു കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലെങ്കിൽ നമുക്ക് രാജ്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.