ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലാ കർണാടക വികസന പരിപാടി (കെ.ഡി.പി) യോഗത്തിൽ റോഡുകളുടെ മോശം ഗുണനിലവാരം, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണം, വികസന പദ്ധതികളിലെ ക്രമക്കേടുകൾ എന്നിവയെച്ചൊല്ലി ഉദ്യോഗസ്ഥർക്ക് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈറെ ഗൗഡയുടെ കടുത്ത വിമർശനം. റോഡുകളുടെ നിർമ്മാണ നിലവാരത്തെയും ഈടിനെയും ചോദ്യം ചെയ്ത മന്ത്രി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടക സർക്കാർ റോഡ് നിർമ്മാണത്തിന് കുറഞ്ഞ തുകയാണോ അനുവദിക്കുന്നതെന്ന് തുറന്നടിച്ചു. വികസനത്തിന് ശേഷിയോ വിഭവങ്ങളോ ഇല്ലാത്തതാണോ അതോ എല്ലാം ഉണ്ടായിട്ടും വെറുതെ ബില്ലുകൾ മാറിയെടുക്കാൻ വേണ്ടി മാത്രമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെയും മോശം റോഡുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പൊതുപണം ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകൾ കുറഞ്ഞത് ഏഴോ എട്ടോ വർഷമെങ്കിലും കേടുകൂടാതെ നിലനിൽക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത രീതിയിൽ പണികൾ നടത്തുകയും രണ്ട് വർഷത്തിനുള്ളിൽ വീണ്ടും അറ്റകുറ്റപ്പണിക്ക് ഫണ്ട് ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയെ മന്ത്രി ചോദ്യം ചെയ്തു. മോശം റോഡുകൾക്ക് ന്യായീകരണവുമായി എത്തിയ ഉദ്യോഗസ്ഥരോട്, മറ്റ് സംസ്ഥാനങ്ങളിൽ കനത്ത മഴയോ വാഹനത്തിരക്കോ ഇല്ലേ എന്നും ഈ പ്രശ്നങ്ങളെല്ലാം കർണാടകയിൽ മാത്രമാണോ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കാത്തതിലും മന്ത്രി അസംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ഫണ്ടിന്റെ ഒരു വിഹിതം കുടിവെള്ളം, മാലിന്യ സംസ്കരണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ശാശ്വത അടിസ്ഥാന സൗകര്യങ്ങൾക്കായി നിർബന്ധമായും വിനിയോഗിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഒരേ ജോലിക്ക് രണ്ടിടത്ത് ബില്ലുകൾ മാറിയെടുത്ത സംഭവം ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ട് ചോദ്യം ചെയ്തു. ബെംഗളൂരു സൗത്ത് എം.എൽ.എ എം. കൃഷ്ണപ്പയും യോഗത്തിൽ പങ്കെടുത്തു.
