ബെംഗളൂരു: ബുദ്ധപൂർണിമ പ്രമാണിച്ച് മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിരോധനം ഏർപ്പെടുത്തി. ഗൗതമ ബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമയോടുള്ള ആദരസൂചകമായാണ് ഈ നടപടി.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ കശാപ്പുശാലകളും മാംസവിൽപ്പന ശാലകളും അന്നേ ദിവസം പൂർണ്ണമായും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജി.ബി.എ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ എക്സിലൂടെ (X) അറിയിച്ചു. പൗരന്മാർ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
