ചാരമായത് 24 കോടിയുടെ വസ്ത്രശേഖരം; കോടികൾ കത്തിച്ചാമ്പലാക്കിയത് 10,000 രൂപയുടെ പക!

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രത്തിൽ കോടികളുടെ നഷ്ടത്തിനിടയാക്കിയ വമ്പൻ തീപിടിത്തം അപകടമല്ലെന്നും പ്രതികാര നടപടിയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ശ്യാം സംഗിനി മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 14 കടകൾ പൂർണമായി കത്തുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ നശിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശമ്പള കുടിശ്ശികയായ 10,000 രൂപ നൽകാതെ അപമാനിച്ചതിലുള്ള പ്രതികാരമാണ് അതിക്രമത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

ഏപ്രിൽ മുതൽ ശ്യാം സംഗിനി മാർക്കറ്റിലെ 639-ാം നമ്പർ കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന വിനോദിന്, ജോലി കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് ജൂണിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടർന്ന് ബാക്കി ലഭിക്കാനുണ്ടായിരുന്ന 10,000 രൂപ ശമ്പളത്തിനായി ഉടമയെ സമീപിച്ചപ്പോൾ ഇയാളെ അപമാനിച്ച് ഇറക്കിവിട്ടു. ഇതിലുള്ള വൈരാഗ്യമാണ് വസ്ത്രവ്യാപാര കേന്ദ്രം കത്തിച്ചു ചാമ്പലാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ മാസം എട്ടാം തീയതി രാത്രി ഒൻപത് മണിയോടെ 150 രൂപയുടെ പെട്രോളുമായി മാർക്കറ്റിലെത്തിയ പ്രതി അഞ്ചാം നിലയിലെ സ്റ്റെയർകേസിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി 12:30-ഓടെ ആളൊഴിഞ്ഞ സമയം നോക്കി ലക്ഷ്യമിട്ട കടയുടെ മുന്നിലെത്തി. മുഖം വെള്ളത്തുണി കൊണ്ട് മറച്ച് ബാഗുമായി ആറാം നിലയിലെത്തുന്ന പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയ്ക്ക് പുറത്തുണ്ടായിരുന്ന തുണിപ്പെട്ടികളിലും പാക്കിങ് സാമഗ്രികളിലും പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. വസ്ത്ര ശേഖരത്തിലേക്ക് തീ വേഗത്തിൽ പടർന്നു പിടിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

സൂറത്ത് പൊലീസിന്റെ ‘വിശ്വാസ് പ്രോജക്റ്റ് ഫേസ്-2’ ന് കീഴിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി മാർക്കറ്റിൽ പ്രവേശിച്ചതും പുറത്തുപോയതുമായ ദൃശ്യങ്ങൾ പരിശോധിച്ച് സഞ്ചാരപാത വികസിപ്പിച്ച ക്രൈം ബ്രാഞ്ച്, ദിന്തോളി ബിലിപത്ര റെസിഡൻസിയിലെ താമസക്കാരനായ വിനോദാണ് കൃത്യത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം രാജസ്ഥാനിലേക്കും പിന്നീട് അയോധ്യയിലേക്കും കടന്ന ഇയാൾ, ദിവസങ്ങൾക്ക് ശേഷം സൂറത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പൊലീസ് വലയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts