ഡൽഹി നഗരത്തിൽ രാത്രികാലങ്ങളിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് അറിയാൻ വേറിട്ട പരീക്ഷണവുമായി യുവാവ് തെരുവിലിറങ്ങി. കണ്ടന്റ് ക്രിയേറ്റർ കൂടിയായ യുവാവ് സ്ത്രീ വസ്ത്രം ധരിച്ച് മുഖം മറച്ച് സ്കൂട്ടിയിൽ രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ ഈ പരീക്ഷണം തനിക്ക് മറക്കാനാവാത്ത പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് നൽകിയതെന്നും പലരുടെയും പ്രതികരണങ്ങൾ വല്ലാത്ത വെറുപ്പുളവാക്കിയെന്നും വെളിപ്പെടുത്തി യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൻതോതിൽ വൈറലാവുകയാണ്.
വെറും രണ്ട് മണിക്കൂർ മാത്രമാണ് ഈ പരീക്ഷണത്തിനായി സ്ത്രീ വേഷത്തിൽ യാത്ര ചെയ്തതെന്നും, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തനിക്ക് ഇത്രയും മോശമായ അനുഭവങ്ങൾ ഉണ്ടായെങ്കിൽ ഡൽഹിയിൽ നിരന്തരം രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം ദുരിതം അനുഭവിക്കുന്നുണ്ടാകുമെന്നും യുവാവ് വീഡിയോയിലൂടെ ചോദിക്കുന്നു.
യാത്രയ്ക്കിടെ പെട്രോൾ പമ്പിൽ കയറിയപ്പോൾ മുതൽ പല പുരുഷന്മാരുടെയും തുറിച്ചു നോട്ടം നേരിടേണ്ടി വന്നതായി യുവാവ് വ്യക്തമാക്കുന്നു. കൂടാതെ നഗരത്തിലെ തിരക്കിനിടയിലും ഓട്ടോയിലും കാറിലും ഇരുചക്ര വാഹനങ്ങളിലുമായെത്തിയ പലരും തന്നെ പിന്തുടരാൻ ശ്രമിച്ചതായും ഇയാൾ വെളിപ്പെടുത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ക്യാമറയിൽ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ മാത്രമാണ് പലരും പിന്തിരിഞ്ഞു പോയത്. ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ രാത്രികാല യാത്ര എത്രമാത്രം സുരക്ഷാഭീഷണി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പരീക്ഷണ വീഡിയോ. വീഡിയോ പുറത്തുവന്നതോടെ നഗരത്തിലെ സ്ത്രീസുരക്ഷയെച്ചൊല്ലി വലിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]