വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ചരിത്രപ്രധാനമായ ഈ വിധി. ശിക്ഷ വിധിച്ചതിനെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. പിഴയൊടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി.
ഉന്നത പദവികൾ ദുരുപയോഗം ചെയ്തുവെന്ന് കോടതി
സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത പദവികൾ വഹിച്ച വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് തച്ചങ്കരിക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് അനധികൃത സ്വത്തുസമ്പാദനം നടത്തിയതെന്നും അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിധി പ്രസ്താവിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി. താൻ മുൻപ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും രണ്ടു ദിവസം മുൻപും നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും തച്ചങ്കരി കോടതിയെ അറിയിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം
നീണ്ട 20 വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധി വരുന്നത്. സർവീസിലിരിക്കെ വരുമാനത്തിന് നിരക്കാത്ത വിധം വീടുകളും ഫ്ലാറ്റുകളും വസ്തുവകകളും സമ്പാദിച്ചെന്ന് കാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് കേസിൻ്റെ തുടക്കം. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്.
വിജിലൻസ് അന്വേഷണത്തിൽ ഇത്രയും തുകയുടെ അധികച്ചെലവുകൾ കണ്ടെത്തിയെങ്കിലും ഇതിന് കൃത്യമായ വരുമാനസ്രോതസ്സ് കാണിക്കാൻ തച്ചങ്കരിക്ക് സാധിച്ചില്ല. പരിശോധനാ കാലയളവിൽ വരുമാനത്തിൻ്റെ 135.80 ശതമാനത്തോളം സ്വത്ത് അധികമായി സമ്പാദിച്ചെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്. 2007-ൽ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം നടത്തിയത്.
കേസിലെ വാദപ്രതിവാദങ്ങൾക്കായി ആഭ്യന്തരവകുപ്പ് മുൻ ജോയിൻ്റ് സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗത്തിനു വേണ്ടി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് സാക്ഷികളായി കോടതിയിലെത്തിയത്. സാക്ഷിവിസ്താരത്തിനും തെളിവെടുപ്പുകൾക്കും ശേഷം തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]