ബെംഗളൂരു: നഗരപരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളും പറമ്പുകളും വൃത്തിയായി സൂക്ഷിക്കണമെന്നും ഓഗസ്റ്റ് 15-നകം ഇവ ശുചീകരിക്കണമെന്നും ഉടമകൾക്ക് നിർദ്ദേശം നൽകി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വസ്തുക്കൾ വൃത്തിയാക്കാൻ തയ്യാറാകാത്ത ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കി.
നിശ്ചിത തീയതി കഴിഞ്ഞിട്ടും വൃത്തിയാക്കാതെ കിടക്കുന്ന പ്ലോട്ടുകൾ ജി.ബി.എ ജീവനക്കാർ നേരിട്ടെത്തി ശുചീകരിക്കും. എന്നാൽ ഇതിനായുള്ള ചെലവും മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഗതാഗതച്ചെലവും ബന്ധപ്പെട്ട വസ്തു ഉടമയിൽ നിന്ന് തന്നെ ഈടാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഭൂമിയുടെ അളവും അതിലെ മാലിന്യത്തിന്റെ സ്വഭാവവും കണക്കിലെടുത്തായിരിക്കും തുക നിശ്ചയിക്കുക.
വർഷങ്ങൾക്ക് മുൻപ് സ്ഥലം വാങ്ങിയിട്ട് പിന്നീട് വസ്‌തു നേരിട്ട് സന്ദർശിക്കാത്തവർക്കും ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്നവർക്കും ഈ ഉത്തരവ് ഏറെ പ്രധാനപ്പെട്ടതാണ്. അവസാന തീയതിക്ക് മുൻപായി ഉടമസ്ഥർ സ്വന്ത നിലയിൽ സ്ഥലം സന്ദർശിച്ച് ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഉടമകൾ സ്വന്തമായി പറമ്പ് വൃത്തിയാക്കുകയാണെങ്കിൽ അതോറിറ്റി യാതൊരുവിധ ശുചീകരണ ഫീസും ഈടാക്കുകയില്ല.
പ്ലോട്ടിന്റെ വലുപ്പം, കോമ്പൗണ്ട് വാൾ അല്ലെങ്കിൽ അതിര് തിരിച്ചു സംരക്ഷിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിലയിരുത്തിയാകും അതോറിറ്റി നിരക്കുകൾ നിശ്ചയിക്കുക. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വാഹനച്ചെലവും ഇതിനോടൊപ്പം ചേർക്കും. നഗരത്തിൽ പരിപാലിക്കപ്പെടാതെ കിടക്കുന്ന മുഴുവൻ ഒഴിഞ്ഞ പ്ലോട്ടുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഓഗസ്റ്റ് 15 നു ശേഷം, അതായത് ഓഗസ്റ്റ് 16 മുതൽ ജി.ബി.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗരത്തിലുടനീളം പരിശോധനയും തുടർനടപടികളും ആരംഭിക്കും. വിപണി മൂല്യം മാത്രം നോക്കി വസ്തുവകകൾ ശ്രദ്ധിക്കാതെ ഇടുന്ന പ്രവണത അവസാനിപ്പിക്കാനും നഗരത്തിലെ ശുചിത്വ നിലവാരം ഉയർത്താനുമാണ് ജി.ബി.എയുടെ ഈ നീക്കം.
