നവീകരണ പ്രവൃത്തിക്കിടെ കെട്ടിടം തകർന്നുവീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. മൈസൂരുവിലെ ഗൗസിയ നഗർ നിവാസിയായ സദ്ദാമാണ് (32) തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരിച്ചത്.
മൈസൂരുവിലെ ജെ.എൽ.ബി. റോഡിലുള്ള മഹാറാണി വനിതാ സയൻസ് കോളേജിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ചൊവ്വാഴ്ച വൈകുന്നേരം നവീകരണ പ്രവൃത്തിക്കിടെ തകർന്നുവീണത്.
തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചലിൽ ബുധനാഴ്ച രാവിലെയാണ് സദ്ദാമിന്റെ മൃതദേഹം കിട്ടിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വാതിലുകളും ജനലുകളും നീക്കം ചെയ്യുകയായിരുന്നു സദ്ദാം.
ജനാലകൾ പുറത്തെടുക്കാൻ മൂന്ന് തൊഴിലാളികൾ അകത്തേക്ക് കയറിയപ്പോഴാണ് കെട്ടിടം തകർന്നത്. അവരിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടപ്പോൾ സദ്ദാം അകത്ത് കുടുങ്ങുകയായിരുന്നു.
കെ. ഹരീഷ് ഗൗഡ എം.എൽ.എ, പോലീസ് കമ്മിഷണർ സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
108 വർഷം പഴക്കമുള്ള മഹാറാണി വനിതാ സയൻസ് കോളേജിന്റെ നവകീരണം 54 കോടി രൂപ ചെലവഴിച്ചാണ് നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.