ബെംഗളൂരു : നഗരത്തിൽ നമ്മ മെട്രോയിൽ യാത്രയ്ക്ക് ചെലവേറും. നിരക്ക് വർധനവിനെ കുറിച്ച് പഠിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നിയോഗിച്ച ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്.എഫ്.സി.) റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പത്തു മുതൽ 15 ശതമാനംവരെ നിരക്ക് വർധനവ് നിർദേശിച്ചേക്കും. നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി നേരത്തേ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു.
കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കിയാൽ ദിവസേന മെട്രോയിൽ യാത്രചെയ്യുന്നവർക്ക് യാത്രാച്ചെലവ് വർധിക്കും. നിലവിൽ നമ്മ മെട്രോയിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം ഇളവുണ്ട്.
റിട്ട. ജഡ്ജി ജസ്റ്റിസ് ആർ. തരുണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് നിരക്ക് വർധനവ് നിർദേശിക്കുന്നത്. ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്രപാൽ സിങ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇന്ത്യയിലെ മറ്റു നഗരങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും മെട്രോ സംവിധാനം വിശദമായി പഠിച്ചാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത്.
2017-ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അതിനു ശേഷം മെട്രോ പാത ദൈർഘ്യം വർധിക്കുകയും യാത്രക്കാരുടെ എണ്ണം കൂടുകയുംചെയ്തു. നിലവിൽ ഏകദേശം 76 കിലോമീറ്റർ മെട്രോ പാതയുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയാണ് ബെംഗളൂരുവിലേത്.
ബെംഗളൂരുവിന്റെ കിഴക്കൻ മേഖലയെ മധ്യ ബെംഗളൂരുവുമായും പടിഞ്ഞാറൻ ബെംഗളൂരുവുമായും ബന്ധിപ്പിക്കുന്ന പർപ്പിൾ ലൈനാണ് ഏറ്റവും നിർണായകമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.