ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ ചില പാരിസ്ഥിതിക ആശങ്കകൾ കൂടി ഉയരുന്നുണ്ട് ബെംഗളൂരുവിൽ. ഈ പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റെയിൽവേ പ്രോജക്ട് ബെംഗളൂരു നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണ്.
സബർബൻ ട്രെയിനുകളുടെ മെയിന്റനൻസ് ഡിപ്പോ ദേവനഹള്ളിക്കടുത്തുള്ള അക്കുപേട്ടിലാണ് നിർമിക്കുന്നത് വലിയൊരു പ്രദേശം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെമാത്രം 17505 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയിൽ വലിയൊരളവ് അക്കേഷ്യാ മരങ്ങളാണ്. ഈ മരങ്ങൾ ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നതിനാൽ മുറിച്ചു മാറ്റുന്നതിൽ വലിയ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്. പദ്ധതിക്കായി ആകെ മുറിച്ചു മാറ്റുന്ന മരങ്ങളിൽ ഏതാണ്ട് 55 ശതമാനവും അക്കുപേട്ടിലെ ഡിപ്പോ നിർമ്മാണത്തിനു വേണ്ടിയാണ്.
ബാക്കി വരുന്ന 15,067 മരങ്ങളിൽ 13996 മരങ്ങളും ബിബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ)യുടെ അധികാരപരിധിയില് വരുന്ന സ്ഥലത്താണുള്ളത്. അതായത് ബെംഗളൂരു നഗരത്തിനകത്ത് മാത്രം 13996 മരങ്ങൾ നഷ്ടപ്പെടും. ബെംഗളൂരു നഗരത്തിന്റെ മുഖമുദ്രയാണ് വഴിയോരങ്ങളിലെ മരങ്ങളും പാർക്കുകളുമെല്ലാം. ഇത്തവണത്തെ വേനലിൽ നഗരത്തിലുണ്ടായ വലിയ വരൾച്ചയുടെ കൂടി പശ്ചാത്തലത്തിൽ ഈ പ്രോജക്ട് പരിസ്ഥിതിവാദികൾക്കിടയിൽ ചർച്ചയാണ്.
ഇത്രയും മരങ്ങൾ ബെംഗളൂരു നഗരത്തിൽ മാത്രം വരുന്നതാണ്. നഗരത്തിനു വെളിയിൽ ഇതേ പ്രോജക്ടിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നിന്ന് 18596 മരങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. 1098 മരങ്ങൾ മുറിക്കാനുള്ള അനുമതി ബിബിഎംപി കൊടുത്തുകഴിഞ്ഞു. ഇതിന് പകരമായി 178 മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള നീക്കവും നടക്കുന്നു. മരങ്ങൾ വെട്ടുന്നതിന് പകരമായി വനവൽക്കരണ പരിപാടി നടത്താനായി 8.07 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് കെ-റൈഡ്. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്.
പാരിസ്ഥിതികമായി ഇത്രയും നഷ്ടമുണ്ടെങ്കിലും ജനജീവിതം സുഗമമാക്കാൻ ഈ പദ്ധതിക്ക് സാധിക്കും. സബർബൻ ട്രെയിനുകൾ മെട്രോയെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ്. ഇക്കാരണത്താൽ സാധാരണക്കാർക്കും ഉപയോഗിക്കാനാകും. നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും 9.84 ലക്ഷം യാത്രക്കാർക്ക് ഈ പ്രോജക്ട് കൊണ്ട് ഗുണമുണ്ടാകും.
നാല് കോറിഡോറുകളാണ് സബർബൻ റെയിൽ പദ്ധതിക്കുള്ളത്. 58 സ്റ്റേഷനുകളുണ്ടാകും ഈ കോറിഡോറുകളിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.