ബെംഗളൂരു: ബെംഗളൂരു മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് കല വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും കലാ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ദാസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കലാ സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ നിർവഹിച്ചു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ദസറഹള്ളി എം. എൽ. എ, ആർ മഞ്ജുനാഥ് മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ഷൈലജ ടീച്ചർ പറഞ്ഞു.
പുതുതലമുറയുടെ ആവേശമായ പിന്നണി ഗായകൻ അതുൽ നറുകരയുടെ സോൾ ഓഫ് ഫോക് സംഗീതവിരുന്ന് കാണികളുടെ മനം കവർന്നു.
രാവിലെ കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടികൾ രാത്രി വൈകുവോളം നൃത്ത സംഗീത വിസ്മയങ്ങളുടെ ദൃശ്യവിരുന്നായി. രോഹിത് കുട്ടാടന്റെ വയലിൻ ഫ്യൂഷൻ, പ്രജിത് ബെംഗളൂരു ഓടക്കുഴൽ ഫ്യൂഷൻ, നാട്യഞ്ജലി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ നൃത്യനൃത്തങ്ങൾ എന്നിവ ആസ്വാദകർക്ക് നവ്യാനുഭവമായി.
കല പ്രസിഡന്റ് ജീവൻ തോമസ് ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
കല ജനറൽ സെക്രട്ടറി ഫിലിപ്പ്, പ്രസിഡണ്ട് ജീവൻ തോമസ് ജോർജ് എന്നിവരടങ്ങിയ സ്വാഗതസംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.