കുടുംബ തർക്കങ്ങൾക്ക് കോടതിയുടെ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യരുത്; കർണാടക ഹൈക്കോടതി

ബെംഗളൂരു: കുടുംബ തർക്കങ്ങൾക്ക് കോടതി നടപടി ദുരുപയോഗം ചെയ്യുന്ന തെറ്റ് ആവർത്തിക്കരുതെന്ന താക്കീത് നൽകി ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. ബംഗളൂരുവിലെ ഉത്തരഹള്ളി സ്വദേശിയായ ഹോംബാലെ ഗൗഡയാണ് തൻറെ ഭാര്യ ശ്വേതയെ തട്ടിക്കൊണ്ടുപോയതെന്ന് അവകാശപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ സുബ്രഹ്മണ്യപുര പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2022 ഏപ്രിൽ 27ന് വൈകിട്ട് 5.30ഓടെ ഡികെ രാജു, സഞ്ജീവ് കുമാർ, ജഗ, ഗുണ്ട എന്നിവർ തന്റെ കടയിലെത്തി മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുമൂലം അയാൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചുവെന്നും ഒരാഴ്‌ചയ്‌ക്കുള്ളിൽ തൻ്റെ വീട്ടിലെത്തി ഭാര്യയെ തട്ടിക്കൊണ്ടുപോകുമെന്ന് അക്രമികൾ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് അധികാരപരിധിയിലുള്ള പോലീസിൽ പരാതി നൽകിയത്. തുടർന്ന് മെയ് 17 ന് രാവിലെ 11.45 ഓടെ പ്രസ്തുത വ്യക്തികൾ തന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും കുട്ടികളുടെ സാന്നിധ്യത്തിൽ ഭാര്യ ശ്വേതയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ഗൗഡ വാദിച്ചു.

കുടുംബത്തോടുള്ള ഗൗഡയുടെ നിരുത്തരവാദപരമായ മനോഭാവവും അടിക്കടിയുള്ള വഴക്കുകളും കാരണമാണ് താൻ വീട് വിട്ടുപോയതെന്ന് മെയ് 23 ന് ശ്വേത സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിലെത്തി, മൊഴി നൽകിയതായി പോലീസ് കോടതിയെ അറിയിച്ചു. ഗൗഡ പരാതി നൽകിയെന്നറിഞ്ഞപ്പോളാണ് യുവതി പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയത്. പിന്നീട്, ശ്വേത ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയതായും പോലീസ് കോടതിയിൽ പറഞ്ഞു.

ഇതൊരു കുടുംബ തർക്കമല്ലാതെ മറ്റൊന്നുമല്ലെന്നും ഹർജിക്കാരൻ കോടതി നടപടി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയാണെന്നും ഹരജിക്കാരന്റെ മേൽ ഭാരിച്ച പിഴ ചുമത്താൻ കഴിയുമെങ്കിലും, അതിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും ജസ്റ്റിസ് ബി വീരപ്പ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അറിയിച്ചു. കൂടാതെ ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്ന് ഹർജിക്കാരന് മുന്നറിയിപ്പ് നൽകിയാണ് റിട്ട് ഹർജി തള്ളിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us