ബെംഗളൂരു: കൊഡഗു ബെല്ലൂരുവിൽ എട്ടുവയസ്സുകാരൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.
ബെല്ലൂരു സ്വദേശി രാമസ്വാമിയാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ സമീപത്തെ കാപ്പിത്തോട്ടത്തിൽ കൊല്ലപ്പെട്ടത്.
കുട്ടിയുടെ മുത്തച്ഛൻ കെഞ്ച ഷെട്ടി(55)യ്ക്കും കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
കെഞ്ചയെ മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തോട്ടംതൊഴിലാളിയായ മുത്തച്ഛനോടൊപ്പം ജലസേചനസംവിധാനങ്ങൾ ക്രമീകരിക്കുന്നത് കാണാനെത്തിയപ്പോഴാണ് രാമസ്വാമിയെ കടുവ ആക്രമിച്ചത്.
രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഞ്ചയ്ക്ക് പരിക്കേറ്റത്.
കെഞ്ചയുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു.
തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൂന്നാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ മൂന്നാമത്തെ മരണമാണിത്.
കടുവയെ വെടിവക്കാനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവർ ഉതിർത്ത വെടി കടുവയുടെ മുഖത്ത് പരിക്ക് ഉണ്ടാക്കിയിട്ടുണ്ടെന്നും അതിന് ശേഷം കടുവ രക്ഷപ്പെട്ടു എന്നും സംഘം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.