പോലീസ് സഞ്ചാര സമ്പർക്ക പരിപാടി: ഇനി മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും

ബെംഗളൂരു: ഇന്നലെ വിവിധ സ്റ്റേഷനുകളിലായി നടത്തിയ സഞ്ചാര സമ്പർക്ക പരിപാടി വൻ വിജയം എന്ന് വകുപ്പ് മേധാവി.

വൈറ്റ് ഫീൽഡിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്‌ സഞ്ചാര സമ്പർക്ക പരിപാടിക്ക് നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് കിട്ടിയതെന്ന് അഭിപ്രായപ്പെട്ടു.

പൊലീസ് ഗതാഗത വിഭാഗം ജോയിൻ്റ് കമ്മീഷണർ ബി ആർ രവികാന്ത് ഗൗഡ, ഡെപ്യൂട്ടി കമ്മീഷണർ എം നാരായണ എന്നിവരും വൈറ്റ് ഫീൽഡ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തിരുന്നു.

ബസ്സുകളുടെയും ഓട്ടോ -ടാക്സി കളുടെയും അപക്വമായ ഓടിക്കലുകളും വേണ്ടത്ര സ്ഥലം ഇല്ലാത്ത ഇടങ്ങളിൽ വണ്ടികളുടെ നിർത്തിയിടലുകളും, വാട്ടർ ടാങ്കറുകളിലെ ഡ്രൈവർമാരുടെ അപകടകരമായ പെരുമാറ്റരീതികളും ഇതിനെല്ലാമുപരി ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ രൂക്ഷവും ജനവിരുദ്ധ പരവുമായ പെരുമാറ്റരീതികളും എല്ലാം ചർച്ചാവിഷയമായി.

സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന തരത്തിൽ റോഡുകളുടെ ഇരുവശവും ഉപേക്ഷിക്കുന്ന നിർമ്മാണ അവശിഷ്ടങ്ങൾ, റോഡിലെ കുണ്ടും കുഴിയും എല്ലാം ആവലാതിയായി ജനങ്ങൾ കമ്മീഷണർ മുമ്പാകെ അവതരിപ്പിച്ചു.

നടപ്പാതകൾ കയ്യേറിയതും, അപക്വമായ വണ്ടിയോടിക്കലും ആയിരുന്നു പ്രധാന ചർച്ചാവിഷയം. വിവരസാങ്കേതികവിദ്യ സ്ഥാപനങ്ങളിലേക്ക് രാവിലെയും വൈകിട്ടും ഉള്ള യാത്രസൗകര്യങ്ങളും ചർച്ചാ വിഷയത്തിൽ ഉൾപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതിഷേധാർഹമായ പ്രവർത്തന ശൈലിയെ കുറിച്ചായിരുന്നു പരാതികളിൽ ഏറെയും. അടുത്ത കാലങ്ങളിലായി ഗതാഗത നിയന്ത്രണത്തിന് പോലീസുകാരെ കാണാത്തതും അതേസമയം കൂട്ടംകൂട്ടമായി നിന്ന് യാത്രക്കാരെ തടഞ്ഞുനിർത്തി പിഴ ഈടാക്കുന്ന സമ്പ്രദായവും കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ടായിരുന്നു.

ഉദ്യോഗസ്ഥരുടെ പെരുമാറ്റം പലപ്പോഴും സേവനം എന്നതിനേക്കാൾ ഏകപക്ഷീയമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നുവെന്നും പരാതി ഉണ്ടായി. സുഗമമായ ഗതാഗതം നടപ്പിലാക്കുന്നതിനേക്കാൾ നിയമലംഘകരെ കണ്ടുപിടിച്ച് പിഴയിടാക്കുന്നതിലാണ് പോലീസുകാർക്ക് കൂടുതൽ താൽപര്യമെന്നും ആക്ഷേപമുയർന്നു.

ഇതിനെക്കുറിച്ച് പ്രതികരിക്കവേ, ഉദ്യോഗസ്ഥർ തെറ്റ് ചെയ്യുന്നത് കാണുകയാണെങ്കിൽ വീഡിയോ അടക്കമുള്ള തെളിവുകളോടുകൂടി മേലധികാരികളെ സമീപിക്കാമെന്നും, ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അദ്ദേഹത്തെ തന്നെ സമീപിക്കാമെന്നും കമ്മീഷണർ ജനങ്ങൾക്ക് ഉറപ്പുനൽകി.

നഗരത്തിൽ ആദ്യമായാണ് ജനങ്ങൾക്ക് അവരുടെ ആവലാതികളും അപേക്ഷകളുമായി പോലീസ് വിഭാഗത്തെ സമീപിക്കാനുള്ള അവസരമൊരുങ്ങിയത് എന്നതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് സഞ്ചാര സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത മിക്കവരിൽ നിന്നും അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇതൊരു നല്ല ചുവടുവയ്പ് ആയി കാണുന്നുവെന്നും ജനങ്ങളിൽ പൊതുവെ അഭിപ്രായം ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us