ബെംഗളൂരു: അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കപെടാതിരിക്കാൻ പൂട്ടിയിട്ട് പോലീസ്.
മടിവാള, ബണ്ടേപാളയ, ഹുളി മാവു, ബൊമ്മനഹള്ളി, ശുദ്ധഗുണ്ടപാളയം, ബേഗൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ് സംഘമാണ് വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും റോഡരികിലും അലക്ഷ്യമായി പാർക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ഒഴിവാക്കുന്നതിനായി പൂട്ടിയിട്ടത്.
വാഹനങ്ങൾ പൂട്ടിയിട്ട ശേഷം വാഹനത്തിൽ തന്നെ പോലീസിന്റെ ഫോൺ നമ്പറും പതിപ്പിച്ചിരുന്നു. അന്വേഷിച്ചെത്തുന്ന ഉടമസ്ഥർക്ക് വിശദമായ പഠന ക്ലാസ് നൽകിയശേഷം പോലീസ് സംഘം എത്തി പൂട്ടു തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്.
അടുത്ത കാലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇരുചക്രവാഹന മോഷണ കേസുകൾ വിശദമായി പഠിച്ചതിൽനിന്നും ഉടമസ്ഥരുടെ അലക്ഷ്യമായ രീതിയാണ് മോഷണ സാധ്യത വർദ്ധിപ്പിച്ചത് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് പോലീസ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നതെന്നു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീനാഥ് ജോഷി പറയുന്നു. ഒക്ടോബർ മാസം പകുതിയോടെ കൂടി ആരംഭിച്ച ഈ നടപടി മോഷണക്കേസുകളിൽ സാരമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.