ബെംഗളൂരു: കുടകിലെ ബി.ജെ.പി. നേതാവ് ബാലചന്ദ്ര കലാഗിയെ ട്രക്കിടിപ്പിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മലയാളിയെ വെട്ടിയും വെടിവെച്ചും കൊന്ന നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ശാന്തിനഗർ സ്വദേശി സമ്പത്ത് കുമാറാണ് (36) മരിച്ചത്.
ഇദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. വീടിനുമുമ്പിൽ കാത്തുനിന്ന അക്രമിസംഘം സമ്പത്ത് കുമാർ പുറത്തു പോകാനിറങ്ങിയപ്പോൾ അക്രമിക്കുകയായിരുന്നു. കാറിൽ കയറി പുറത്തേക്കുവന്ന സമ്പത്ത് കുമാറിനെ കാറ് തടഞ്ഞു നിർത്തിയാണ് അക്രമിച്ചത്.
കാറിൽനിന്നിറങ്ങി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ സമ്പത്ത് കുമാറിന്റെ പുറകെ അക്രമികളെത്തി. വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് നേർക്ക് അക്രമികൾ രണ്ടുതവണ വെടി വെയ്ക്കുകയും ചെയ്തതായി സുള്ള്യ പോലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടേറ്റു.
സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി സുള്ള്യ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച അയൽക്കാരൻ തിമ്മപ്പയെയും വെട്ടി പരുക്കേൽപിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണം എന്നു പൊലീസ് പറഞ്ഞു.
ഒന്നര വർഷം മുൻപ് കുടക് സംപാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവും ആയിരുന്ന ബാലചന്ദ്ര കളഗിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സമ്പത്ത് കുമാർ. ബാലചന്ദ്ര കളഗി 2018-ൽ സമ്പാജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സമ്പത്ത് കുമാറും ഹരിപ്രസാദും ചേർന്ന് ഒരു ബാറ് നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന് ബാലചന്ദ്ര കളഗി അനുമതി നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് കേസ്.
കേസിൽ ജാമ്യം നേടി കുറച്ച് മാസം മുൻപ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ചില ദിവസങ്ങളിൽ മാത്രമാണ് ഇയാൾ ശാന്തിനഗറിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. കേരളത്തിൽനിന്ന് കല്ലുഗുണ്ടിയിലേക്ക് കുടിയേറിയവരാണു സമ്പത്തിന്റെ കുടുംബം. അച്ഛൻ – അപ്പകുഞ്ഞി, അമ്മ – പാർവതി, ഭാര്യ-അനൂഷ, മകൾ -ദിയ, സഹോദരങ്ങൾ – സന്തോഷ്, ദീപശ്രീ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.