ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു.
ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തിയിരുന്നു.
തന്റെ വിവാഹാഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും മൊഴിയിൽ അജാസ് പറഞ്ഞിരുന്നു.
വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നൽകിയത്. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോൾ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയില്‍ അജാസ് പറയുന്നു. അജാസിനെ സൗമ്യ നേരത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമെന്ന പൊലീസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് അജാസിന്റെ മൊഴി. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രതിയുടെ ആരോഗ്യനില മെച്ചപ്പെടാതെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ അന്വേഷണസംഘത്തിനുമായില്ല.
സൗമ്യയും അജാസും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന മൊഴി സൗമ്യയുടെ അമ്മ നേരത്തെ പൊലീസിന് നല്‍കിയിരുന്നു. അജാസും സൗമ്യയും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. സൗമ്യ ഒന്നര ലക്ഷം രൂപ അജാസിൽ നിന്ന് കടംവാങ്ങി. ഒടുവിൽ അജാസ് വിവാഹ അഭ്യർത്ഥന തുടങ്ങിയതോടെ ഇരുവരും തമ്മിൽ തർക്കമായി. പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും അജാസ് അത് വാങ്ങാൻ കൂട്ടാക്കിയില്ല.
അമ്മയോടൊപ്പം പണം തിരികെ നൽകാൻ എറണാകുളത്തേക്ക് സൗമ്യ പോയിരുന്നു. പക്ഷെ ഇരുവരെയും അജാസ് സ്വന്തം കാറിൽ തിരികെ വള്ളികുന്നത്തെ വീട്ടിൽ എത്തിച്ചെന്നും അമ്മ പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം, അജാസിൽ നിന്ന് ഭീഷണിയുള്ള വിവരം വള്ളികുന്നം സ്റ്റേഷനിലെ എസ്ഐയോട് സൗമ്യ പറഞ്ഞിരുന്നെന്ന അമ്മയുടെ മൊഴി പൊലീസ് നിഷേധിച്ചു. അജാസും സൗമ്യയും തമ്മിൽ ഫോണിലൂടെ നിരന്തരം തർക്കിച്ചിരുന്നതായി സൗമ്യയുടെ മകനും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അജാസില്‍ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്.
സൗമ്യയും അജാസും തമ്മിലുള്ള ഫോൺ വിളികൾ പരിശോധിച്ച അന്വേഷണസംഘവും കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചിരുന്നു. അഞ്ച് കൊല്ലം മുൻപ് തൃശൂർ കെഎപി ബറ്റാലിയനിൽ പരീശീലനം നൽകിയത് മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ പ്രതിക്ക് കടുത്ത വൈരാഗ്യമായി. ഒടുവിൽ ആസൂത്രിതമായി കൊലപ്പെടുത്തി. പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി സൗമ്യയുടെ മൃതദേഹം നേരത്തെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. വിദേശത്തുള്ള ഭർത്താവ് തിരികെ എത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടത്താനായി ഇപ്പോഴും സൗമ്യയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തും. നാളെ രാവിലെ സൗമ്യയുടെ മൃതദേഹം സംസ്കരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് മുന്‍പായി സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.