മാനന്തവാടി: വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മികവുകൾ എണ്ണിപ്പറഞ്ഞ് സഹോദരി പ്രിയങ്കയുടെ പ്രസംഗം. വയനാട്ടിലെ പ്രചാരണ പരിപാടിക്കിടെയാണ് സഹോദരനെക്കുറിച്ച് വാതോരാതെയാണ് പ്രിയങ്ക സംസാരിച്ചത്. ജനിച്ച നാൾമുതൽ എനിക്ക് അറിയാവുന്ന ഒരാൾക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.
“കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുൽ ഗാന്ധി നിലനിൽക്കുന്നത്. ആരെന്നും എന്തെന്നും അറിയാതെയാണ് പലരും അവനെ അധിക്ഷേപിക്കുന്നത്. രാഹുൽ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും എന്റെ കൈ പിടിച്ച് നിന്നവനാണ്.
കുട്ടിക്കാലം മുതൽ ഞങ്ങൾ അനുഭവിച്ചതെല്ലാം തീവ്രമായ അനുഭവങ്ങളാണ്. ഞങ്ങൾക്കിരുവര്‍ക്കും അമ്മ തന്നെയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ രാഹുലിന് 14 വയസ്സാണ്. നാലു പേരുള്ള ഒരു ചെറു കുടുംബത്തിന് എല്ലാം അതിജീവിക്കാനായത് ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധമാണ്”…എന്ന് പ്രസംഗത്തിൽ പ്രിയങ്ക ഓര്‍മ്മിച്ചെടുത്തു.
രാഹുൽ ഗാന്ധിക്ക് 21 വയസ്സുള്ളപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതെന്നും അതിന് ശേഷം പിതാവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാഹുലെന്നും പ്രിയങ്ക പറഞ്ഞു. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആരുമറിയാതെ കാനഡയിൽ ജോലി ചെയ്ത കാര്യവും പ്രിയങ്ക വയനാട്ടുകാരോട് പങ്കുവച്ചു.നല്ലപോലെ ഫുട്ബോൾ കളിക്കും. വിമാനം പറത്തും ഡൈവിംഗ് അറിയാം .കരാട്ടെ ബ്ലാക്ക് ബെൽറ്റുമാണ് . ഇതിനെല്ലാം അപ്പുറം മതഗ്രന്ധങ്ങൾ ആഴ്ത്തിൽ പഠിച്ച വ്യക്തിയാണ് രാഹുലെന്നും പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു. വേദങ്ങളും ഉപനിഷത്തുക്കളും രാഹുലിന് ആഴത്തിലറിയാം.
ഹിന്ദുത്വത്തിന്റെ സംരക്ഷകൾ എന്ന് പറഞ്ഞു നടക്കുന്നവര്‍ രാഹുലിന്റെ അത്ര ആഴത്തിൽ കാര്യങ്ങൾ ഗ്രഹിച്ചവരല്ലെന്നും പ്രിയങ്ക അവകാശപ്പെട്ടു. സ്വന്തം മികവുകൾ മറ്റൊരാൾക്ക് മുന്നിൽ പറയുന്നത് ഇഷ്ടപ്പെടാത്ത ആളാണ് രാഹുൽ ഗാന്ധി. താനിങ്ങനെ പ്രസംഗിച്ചെന്നറിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് അത് ഇഷ്ടമാകില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.