2019-ല്‍ ഇന്ത്യ ആര്‍ക്കൊപ്പം? മധ്യപ്രദേശ് പറയും!!

ന്യൂഡല്‍ഹി: 2018 ലെ അവസാനവട്ട നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നു വരുന്നത്. ഇനി വളരെ കുറച്ച് മാസങ്ങള്‍ മാത്രമേയുള്ളൂ ലോക്സഭാ തിരഞ്ഞെടുപ്പിനും. ആ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണ്ണായകമാണ്.

രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം വോട്ടര്‍മാരുടെ “മൂഡ്‌” തിരിച്ചറിയാനുള്ള പടിയാണ് ഈ തിരഞ്ഞെടുപ്പ്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് എങ്ങിനെ വ്യത്യസ്ഥമാകും? രാഷ്ട്രീയ നിരീക്ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഉറ്റു നോക്കുന്നതും മധ്യപ്രദേശിലെയ്ക്കാണ്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്നത്‌ ബിജെപിയാണ്. നാലാം തവണയും അധികാരത്തില്‍ എത്തുക എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് പത്തരമാറ്റ് പകിട്ട് നല്‍കുന്ന ഒന്നുതന്നെ. ഈ വിജയം പാര്‍ട്ടിയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം, അതിനെ ഉപമിക്കാന്‍ കഴിയില്ല.

എന്നാല്‍ ഇത്തവണ ബിജെപി അധികാരം നിലനിര്‍ത്തുമോ? മുന്‍പ് ലഭിച്ച ഭൂരിപക്ഷം പാര്‍ട്ടി ആവര്‍ത്തിക്കുമോ? അതാണ് ചോദ്യം. അതിന് കാരണവുമുണ്ട്. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ തകര്‍ച്ച, കര്‍ഷകരുടെ ഭരണവിരുദ്ധ വികാരം, നോട്ടു നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഇവയെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്.

കൂടാതെ, സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ആവത്‌ മുതലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയെല്ലാം കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയിട്ടുമുണ്ട്.

ബിജെപിക്കെതിരേ മധ്യപ്രദേശില്‍ വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് ഇന്ന് വലിയൊരു കടമ്പ തന്നെയാണ്. എന്നാല്‍ അത് മനസ്സിലാക്കി അറിഞ്ഞു കളിക്കുന്ന ഒരു കോണ്‍ഗ്രസ്‌ നേതൃത്വമാണ് ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളത്.   നിലവില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാമുഹികാന്തരീക്ഷം മുതലെടുക്കാനുള്ള പൂര്‍ണ്ണ ശ്രമമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും നടക്കുന്നത്. കാര്‍ഷിക മേഖല പാടേ തകര്‍ന്നതും കഴിഞ്ഞ വര്‍ഷം നിരവധി കര്‍ഷകര്‍ ജീവനൊടുക്കിയതുമെല്ലാം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

2013-ല്‍ 230 നിയമസഭാ സീറ്റുകളില്‍ 165 സീറ്റും നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 2008-ല്‍ 143ഉം 2003-ല്‍ 173 സീറ്റും നേടി ബിജെപി വിജയമുറപ്പിച്ചു. ഇതില്‍ 2013-ല്‍ 44.87 ശതമാനവും 2008-ല്‍ 37.64 ശതമാനവും 2003-ല്‍ 43.5 ശതമാനവും പോളിംഗും ഇവിടെ രേഖപ്പെടുത്തിയിരുന്നു. 2014-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം 54.03 ശതമാനമായിരുന്നു, ഇന്ത്യയില്‍ തന്നെ വളരെ വിരളമാണ് ഇത്.

സംസ്ഥാനത്ത് ബിജെപിക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുന്ന ഏറെ കാര്യങ്ങളുമായാണ് ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മധ്യപ്രദേശില്‍ ബിജെപിക്ക് എന്തുസംഭവിക്കും അതാണ് കേന്ദ്രത്തില്‍ പ്രതിഫലിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ചു പോരാട്ടം പേരിനു മാത്രമാണെങ്കില്‍ ബിജെപിക്ക് മധ്യപ്രദേശ് ബിജെപിയ്ക്ക് ജീവന്മരണ പോരാട്ടമാണ്.

ഭരണവിരുദ്ധവികാരം ഏറെ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടേയും സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍റെയും വ്യക്തിപ്രഭാവം തീര്‍ത്തിരിക്കുന്ന അടിത്തറയിളക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? കാത്തിരുന്ന്‌ കാണാം…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us