ബെംഗളൂരു: നവകേരള നിർമാണത്തെ പിന്തുണയ്ക്കാൻ നോർക്ക റൂട്സിന്റെയും ലോക കേരള സഭയുടെയും നേതൃത്വത്തിൽ നഗരത്തിലെ മലയാാളി സംഘടനകളുടെ യോഗം ചേർന്നു. 60 സംഘടനകളാണു യോഗത്തിൽ പങ്കെടുത്തത്. ഐടി സ്ഥാപനങ്ങൾ, മറ്റു ബഹുരാഷ്ട്ര കമ്പനികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ഊർജിതമാക്കാനും തീരുമാനിച്ചു.
പ്രളയ ബാധിത മേഖലകളിൽ ദുരിതാശ്വാസം എത്തിക്കാൻ സംഘടനകൾ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്കു പിന്നാലെയാണു കൂടുതൽ സഹായം ഏകോപിപ്പിക്കാൻ യോഗം ചേർന്നത്. കേരളത്തിനു പുറത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യ യോഗം കൂടിയാണിതെന്ന് അധ്യക്ഷത വഹിച്ച നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൂടുതൽ ഫണ്ട് സമാഹരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ ഒൻപതു മലയാാളി പ്രമുഖരെ രക്ഷാധികാരികളാക്കി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ.ജെ.ജോർജ്, യു.ടി ഖാദർ, എൻ.എ.ഹാരിസ് എംഎൽഎ, മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്, സി.എം.ഇബ്രാഹിം എംഎൽസി, മുൻ മന്ത്രി ടി.ജോൺ, ഇൻഫോസിസ് സ്ഥാപക അംഗങ്ങളായ ക്രിസ് ഗോപാലകൃഷ്ണൻ, എസ്.ഡി. ഷിബുലാൽ, മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എ.മുഹമ്മദ് എന്നിവരാണു രക്ഷാധികാരികൾ. മുൻ മന്ത്രി ഡോ.ജെ.അലക്സാണ്ടറുടെ നേതൃത്വത്തിൽ 21 അംഗ കോർകമ്മിറ്റിക്കും രൂപം നൽകി.
പ്രളയത്തിൽ കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവർക്കു പുതുജീവിതം നൽകാൻവേണ്ടിയുള്ള പദ്ധതികളാണു ചർച്ച ചെയ്തത്. ബെംഗളൂരുവിനു പുറമെ സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ള മലയാളി കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ അണിനിരത്തി സഹായങ്ങൾ ഏകോപിപ്പിക്കും. ലോക കേരള സഭ അംഗങ്ങളായ എ.ഗോപിനാഥ്, സി.കുഞ്ഞപ്പൻ, സി.പി.രാധാകൃഷ്ണൻ, നോർക്ക റൂട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി.ജഗദീഷ്, ബെംഗളൂരുവിലെ നോർക്ക പ്രതിനിധി റീസ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.