ബെംഗളൂരു : കർണാടക ഹജ്ഭവനു ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള നീക്കം വിവാദമാകുന്നു. ഹജ് ഭവന്റെ പേരുമാറ്റുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നു ന്യൂനപക്ഷ–വഖഫ് മന്ത്രി സമീർ അഹമ്മദ്ഖാൻ പറഞ്ഞു. ഈയിടെ ഹജ് കമ്മിറ്റിയുടെ അവലോകന യോഗത്തിൽ ഒട്ടേറെപ്പേർ പേരുമാറ്റം ആവശ്യപ്പെട്ടിരുന്നു.കെട്ടിടത്തിനു ‘ഹസ്റത്ത് ടിപ്പു സുൽത്താൻ ഹജ് ഘർ’ എന്നു പേരിടണമെന്ന് മതനേതാക്കൾ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.
ഹജ് ഭവൻ സ്വതന്ത്രസമിതി ആയതിനാൽ പേരുമാറ്റത്തിനെതിരെ എതിർപ്പുണ്ടാകേണ്ട കാര്യമില്ലെന്നു സമീർ അഹമ്മദ്ഖാൻ പറഞ്ഞു. എന്നാൽ, പേരുമാറ്റിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ബിജെപി നേതാക്കൾ പറഞ്ഞു. ഹജ് ഭവൻ ടിപ്പു അനുകൂലികളുടേതു മാത്രമല്ല, മുസ്ലിം സമുദായത്തിനൊന്നാകെ അവകാശപ്പെട്ടതാണ്. ഹജ് ഭവന്റെ പുതിയ കെട്ടിടത്തിനായി യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും ഫണ്ടനുവദിച്ചിരുന്നെന്നു മുൻ ഉപമുഖ്യമന്ത്രി ആർ.അശോക് ആരോപിച്ചു.