ബെംഗളൂരു: ലെനിൻ രാജേന്ദ്രന്റെ ‘ദൈവത്തിന്റെ വികൃതികൾ’ എന്ന സിനിമയിൽ അൽഫോൻസച്ചന്റെ മകൾ എൽസിയുടെ വേഷമിട്ട മാളവിക ഇന്നു ബിജെപിയുടെ കർണാടകയിലെ ചാനൽ മുഖമാണ്. പൊതുവേദികളിലെ തീപ്പൊരി സംവാദങ്ങളിൽ നായികയാണു പാർട്ടി വക്താവായ മാളവിക അവിനാഷ്.‘രാഷ്ട്രീയത്തോടു കോളജ് കാലത്തു തന്നെ ആഭിമുഖ്യമുണ്ടായിരുന്നു.
കന്നഡ ടെലിവിഷൻ സീരിയലുകളാണ് എന്നെ പ്രശസ്തയാക്കിയത്.മായാമൃഗ എന്ന സിനിമയിൽ അഭിഭാഷകയുടെ വേഷം ഹിറ്റായി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്നു റാങ്കോടെയാണ് എൽഎൽബി നേടിയത്. ലെനിൻ സാർ സിനിമയിലേക്കു വിളിക്കുമ്പോൾ പ്ലസ് ടുവിനു പഠിക്കുകയായിരുന്നു’– മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തിരുന്നു മാളവിക പറഞ്ഞു.
തമിഴിൽ കെ.ബാലചന്ദറിന്റെ അണ്ണിയിലൂടെയാണു മാളവിക സിനിമയിൽ ശ്രദ്ധേയയാകുന്നത്.ബെള്ളാരിയിൽ സുഷമ സ്വരാജ് മൽസരിച്ച 1999ൽ കോർണർ യോഗങ്ങളിൽ പ്രസംഗിച്ചാണു മാളവികയുടെ രാഷ്ട്രീയത്തിലെ തുടക്കം. 2014 മുതൽ പാർട്ടിയുടെ വക്താവ്. വിജി തമ്പി സംവിധാനം ചെയ്ത ജനത്തിലും മാളവിക അഭിനയിച്ചിരുന്നു. ‘തിരഞ്ഞെടുപ്പു തിരക്കിലാണെങ്കിലും സിനിമ വിളിച്ചാൽ പോകും. നാളെ ഒരു ദിവസത്തെ ഷൂട്ടുണ്ട്,’ മാളവിക പറഞ്ഞു.
കന്നഡ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെയും മാളവിക ശ്രദ്ധ നേടിയിരുന്നു.