ബെംഗളൂരു: മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായ യുവാവ് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസിപി ട്രാഫിക്(ഈസ്റ്റ്) അഭിഷേക് ഗോയലിനാണ് അന്വേഷണച്ചുമതല. ട്രക്ക് ഡ്രൈവറായ മണികണ്ഠ(34)യാണു ജീവനൊടുക്കിയത് മദ്യപിച്ച് വാഹനമോടിച്ചതിനു ബെന്നാർഘട്ടെ റോഡിലെ മൈക്കോ ലേഔട്ട് പൊലീസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തിരുന്നു.
മദ്യത്തിന്റെ അളവു കണ്ടെത്താനുള്ള ആൽക്കോമീറ്റർ പരിശോധനയ്ക്കു വിസമ്മതിച്ച ഇയാൾ ഇവിടെ നിന്നു കടന്നു. തുടർന്നു പുലർച്ചെ രണ്ടരയോടെ തിരിച്ചെത്തി ബൈക്ക് തിരികെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകിയില്ല. തുടർന്ന് സ്റ്റേഷനു പുറത്തിറങ്ങി പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. പൊലീസ് പീഡനം മൂലമാണ് മണികണ്ഠ ജീവനൊടുക്കിയതെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.