ബെളഗാവി : സ്വകാര്യ ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങൾക്കിടെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (കെപിഎംഇ) ഭേദഗതി ബിൽ നിയമസഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണു തിരുത്തലുകളോടെ സമർപ്പിച്ച ഭേദഗതി ബിൽ സഭ പാസാക്കിയത്. സ്വകാര്യ ആശുപത്രികൾ രോഗികൾക്കുമേൽ ചുമത്തുന്ന അമിത ഫീസും ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥകളും നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ടുള്ള ബിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.ആർ.രമേഷ്കുമാർ കഴിഞ്ഞ ദിവസമാണു സഭയുടെ മേശപ്പുറത്തുവച്ചത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നു ചില മാറ്റങ്ങളോടെയാണു ബിൽ അവതരിപ്പിച്ചത്. ചികിൽസയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്കു ജയിൽശിക്ഷ നൽകുന്നതു സംബന്ധിച്ച നിർദേശമാണ് ഒഴിവാക്കിയത്.
ശീതകാല സമ്മേളനം തുടങ്ങിയദിവസം മുതൽ ബില്ലിനെതിരെ ബെളഗാവിയിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയായിരുന്നു. സർക്കാരുമായുണ്ടാക്കിയ ധാരണയെ തുടർന്നു 17ന് ആണ് സമരം പിൻവലിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ആറു മുതൽ മൂന്നു വർഷം വരെ ജയിൽശിക്ഷയാണു ഭേദഗതി ബിൽ നേരത്തെ ശുപാർശ ചെയ്തിരുന്നത്.
സ്വകാര്യ ആശുപത്രി നിയമ ഭേദഗതി ബില്ലിലെ പ്രധാന നിര്ദേശങ്ങള് :
∙ ചികിൽസയിൽ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കും
∙ പിഴവു വരുത്തുന്ന ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കും
∙ ആശുപത്രി ബിൽ അടച്ചില്ലെന്ന കാരണത്താൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കാനാവില്ല
∙ അടിയന്തര സാഹചര്യങ്ങളിൽ മുൻകൂർ പണം നൽകാതെ ചികിൽസ നടത്തണം
∙ ആശുപത്രികളുടെ നിയന്ത്രണത്തിനായി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതി രൂപീകരിക്കും